v-d-satheesan

കൊച്ചി: സി.പി.എം മന്ത്രിമാർ കൊട്ടാരം വിദൂഷകരെപ്പോലെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഗുരുതരമായ ആരോപണം സി.പി.എം ചർച്ച ചെയ്യുകയോ നേതാക്കൾ പ്രതികരിക്കുകയോ ചെയ്യുന്നില്ല.

ബംഗാളി എഴുത്തുകാരി മഹാശ്വേതാ ദേവി അവിടത്തെ സി.പി.എം ഭരണത്തിന്റെ അവസാന കാലത്ത് നടത്തിയ വിമർശനം പോലെയാണ് കഴിഞ്ഞ ദിവസം കേരളത്തിന്റെ മനഃസാക്ഷിയായ എം.ടി.വാസുദേവൻ നായർ പ്രതികരിച്ചത്.

ക്രൂരമർദ്ദനമാണ് യൂത്ത് കോൺഗ്രസ് - കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് നടത്തുന്നത്. കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ കാലിന്റെ എല്ല് ചവിട്ടി പൊട്ടിച്ചു. മുടിയിൽ ഷൂസ് കൊണ്ട് ദീർഘനേരം ചവിട്ടിപ്പിടിച്ചു. പ്രവർത്തകന്റെ കണ്ണിൽ ലാത്തിവച്ച് കുത്തി. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും .

ഇതുപോലെ നട്ടെല്ലില്ലാത്ത ഡി.ജി.പിയെ കേരളം കണ്ടിട്ടില്ല. പൊലീസ് അതിക്രമം തുടർന്നാൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആലോചിക്കുമെന്നും ഇതുവരെ ചെയ്യാത്ത കാര്യങ്ങൾ ചെയ്യിക്കരുതെന്നും സതീശൻ പറഞ്ഞു.