
കൊച്ചി: പുതുവർഷത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വില്പന സമ്മർദ്ദം ശക്തമാക്കി. മുഖ്യ ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച റെക്കാഡ് ഉയരത്തിലെത്തിയെങ്കിലും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 2,400 കോടി രൂപയാണ് വിപണിയിൽ നിന്നും പിൻവലിച്ചത്. ആഭ്യന്തര മ്യൂച്ച്വൽ ഫണ്ടുകളും ചെറുകിട നിക്ഷേപകരും വലിയ തോതിൽ സജീവമായതോടെ വിദേശ നിക്ഷേപകരുടെ പിന്മാറ്റം വിപണിയെ ഒരു തരത്തിലും ബാധിച്ചില്ല. കഴിഞ്ഞവർഷം രണ്ട് ലക്ഷം കോടി രൂപയിലധികമാണ് ആഭ്യന്തര നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിലെത്തിച്ചത്. സിസ്റ്റമാറ്റിക് നിക്ഷേപ പദ്ധതികളിലും വിവിധ മ്യൂച്ച്വൽ ഫണ്ടുകളിലും ഒഴുകിയെത്തുന്ന പണമൊഴുക്ക് മൂലം വിദേശ ധനകാര്യ സ്ഥാപനങ്ങൾക്ക് ഇന്ത്യൻ ഓഹരി വിപണിയിലെ നിയന്ത്രണം നഷ്ടമാകുകയാണെന്ന് ബ്രോക്കർമാർ പറയുന്നു.
കഴിഞ്ഞ വർഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ ഇന്ത്യൻ ഓഹരി വിപണിയിൽ 1.77 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. അതേസമയം അമേരിക്കയിൽ മുഖ്യ പലിശ നിരക്കുകൾ കുത്തനെ കുറയാനിടയുള്ളയിനാൽ വരും മാസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണിയിലേക്കുള്ള വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ നിക്ഷേപ ഒഴുക്ക് തുടരുമെന്ന് ധനകാര്യ ഏജൻസികൾ പറയുന്നു.