
വിവാഹത്തെക്കുറിച്ചും സ്ത്രീധനത്തെക്കുറിച്ചുമുള്ള നടൻ ഷൈൻ ടോം ചാക്കോയുടെ പ്രതികരണം ശ്രദ്ധനേടുന്നു. സ്‌ത്രീധനം തെറ്റാണെങ്കിൽ വിവാഹം വേർപ്പെടുത്തിയതിന് ശേഷം ഭാര്യയ്ക്ക് നൽകുന്ന ജീവനാംശവും തെറ്റാണെന്നാണ് നടൻ അഭിപ്രായപ്പെടുന്നത്. വിവേകാനന്ദൻ വൈറൽ ആണ് എന്ന സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം.
'സ്ത്രീധനം ഇഷ്ടമുള്ളവർ കൊടുക്കുക, അല്ലാത്തവർ കൊടുക്കാതിരിക്കുക. വിവാഹമോചനത്തിന്റെ സമയത്ത് ഭാര്യയ്ക്ക് ജീവനാംശം കൊടുക്കുന്നത് എന്തിനാ, അതും സ്ത്രീധനം പോലുള്ള കാര്യമല്ലേ? കല്യാണ സമയത്ത് ഭർത്താവിന് കൊടുക്കുന്നു, ഡിവോഴ്‌സിന്റെ സമയത്ത് ഭാര്യയ്ക്ക് തിരിച്ചു കൊടുക്കുന്നു.
ജീവനാംശം കോടതിയാണ് തീരുമാനിക്കുന്നത്. എന്തിനാണ് വിവാഹം വേർപെടുത്തുമ്പോൾ ഭാര്യയ്ക്ക് കാശ് കൊടുക്കുന്നത്. അതല്ലേ വിവാഹത്തിനും മുൻപും കൊടുക്കുന്നത്. ഇക്വാലിറ്റി എന്നത് എല്ലായിടത്തും ഒരുപോലെ ആയിരിക്കേണ്ടെ? ഞാനും ഡിവോഴ്‌സിന്റെ സമയത്ത് കാശ് കൊടുത്തിട്ടുണ്ട്.
രണ്ടുപേരും തുല്യരല്ലേ? ഒരാൾ പേർപിരിയുന്നു, എന്തിന് ഒരാൾക്ക് കാശ് കൊടുക്കണം. തന്നെ കെട്ടാൻ ഒരാൾ ഒരാൾക്ക് എന്തിന് കാശ് കൊടുക്കണം. ചിലർ പറയും ഞങ്ങളുടെ മകൾക്ക് കൊടുക്കുന്നതാണ് സ്ത്രീധനമെന്ന്. ചിലർ പറയും ചോദിച്ച് വാങ്ങുന്നതാണെന്ന്. ജീവനാംശവും കൊടുക്കാൻ പാടില്ല. ഋത്വിക് റോഷനും ഭാര്യയും പിരിഞ്ഞപ്പോൾ കോടികൾ ഭാര്യയ്ക്ക് കൊടുത്തില്ലേ? അപ്പോൾ അതെന്താ സംഭവം.
ഇപ്പോഴുള്ള പെൺകുട്ടികളും ആൺകുട്ടികളും പങ്കാളിയാകാൻ പോകുന്ന ആളെക്കണ്ട് അറിഞ്ഞ് ഇടപഴകിയിട്ടൊക്കെയേ കല്യാണം കഴിക്കാൻ തയ്യാറാവുകയുള്ളൂ. പ്രത്യേകിച്ച് പെൺകുട്ടികൾ. ഒരു പരിചയവും ഇല്ലാത്ത ആൾക്കൊപ്പം ജീവിക്കുക, അല്ലെങ്കിൽ ആ വീട്ടിൽ പോയി ജീവിക്കുക എന്നൊക്കെ പറഞ്ഞാൽ പൊരുത്തപ്പെടാൻ പറ്റണമെന്നില്ല'- നടൻ പറഞ്ഞു.