
തായ്‌പെയ് : ചൈനയ്‌ക്ക് തിരിച്ചടിയായി, തായ്‌വാൻ ഭരണപക്ഷമായ ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടിക്ക് ( ഡി.പി.പി ) തുടർച്ചയായി മൂന്നാം തവണയും പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം. പാർട്ടി നേതാവും നിലവിൽ വൈസ് പ്രസിഡന്റുമായ ലായ് ചിംഗ് - തേ ( 64 ) പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇദ്ദേഹം വില്യം ലായ് എന്നും അറിയപ്പെടുന്നു.
ഇന്നലത്തെ തിരഞ്ഞെടുപ്പിൽ 40.08% വോട്ടുനേടിയാണ് ചൈനയുടെ കടന്നുകയറ്റങ്ങളെ എതിർക്കുന്ന ലായ് വിജയിച്ചത്. മേയ് 20ന് അധികാരമേൽക്കും.
തായ്‌വാൻ ചൈനയുടെ ഭാഗമാണെന്നും ചൈനയോട് കൂട്ടിച്ചേർക്കുമെന്നുമാണ് കാലങ്ങളായി ചൈനീസ് ഭരണകൂടങ്ങളുടെ നിലപാട്. തായ്‌വാന്റെ സ്വാതന്ത്ര്യത്തിനും പരമാധികാരത്തിനും വേണ്ടി നിലകൊള്ളുന്ന ലായ് ചിംഗ് - തേയെ അപകടകാരിയായ വിഘടനവാദി എന്നാണ് ചൈന വിശേഷിപ്പിക്കുന്നത്.
പ്രതിപക്ഷവും ചൈനീസ് അനുകൂലികളുമായ കുമിന്താങ്ങ് ( കെ.എം.ടി ) പാർട്ടി സ്ഥാനാർത്ഥി ഹൂ യൂ-യീക്ക് 33 ശതമാനം വോട്ടേ നേടാനായുള്ളൂ. മൂന്നാം സ്ഥാനാർത്ഥിയായ തായ്‌വാൻ പീപ്പിൾസ് പാർട്ടി നേതാവും മുൻ തായ്‌പെയ് മേയറുമായ കോ വെൻ - ജെ 26 ശതമാനം വോട്ടുനേടി. നിലവിലെ പ്രസിഡന്റായ സായ് ഇംഗ് - വെൻ രണ്ട് ടേം പൂർത്തിയാക്കിയതിനാൽ മത്സരിച്ചില്ല.
ഡി.പി.പി ജയിച്ചാൽ സംഘർഷം രൂക്ഷമാകുമെന്ന് ചൈന മുന്നറിയിപ്പ് നൽകിയിരുന്നു. തായ്‌വാൻ ദ്വീപിന്റെ പ്രതിരോധം ശക്തിപ്പെടുത്താനും തായ്‌വാൻ കടലിടുക്കിൽ സമാധാനം നിലനിർത്താനും ലായ് ഊന്നൽ നൽകുന്നു.
പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിനൊപ്പം പാർലമെന്റിലെ 113 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. പ്രാഥമിക ഫലങ്ങൾ പ്രകാരം ഒരു പാർട്ടിക്കും ഭൂരിപക്ഷമില്ല. നിയമനിർമാണത്തിലടക്കം വെല്ലുവിളി ഉയരാമെന്നതിനാൽ മുന്നണി സർക്കാരുണ്ടാക്കാനാണ് പുതിയ പ്രസിഡന്റിന്റെ നീക്കം.
ചൈനയ്ക്ക് തിരിച്ചടി
ആവശ്യമെങ്കിൽ ബലപ്രയോഗത്തിലൂടെ തായ്‌വാനെ പിടിച്ചെടുക്കാൻ മടിക്കില്ലെന്നാണ് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ നിലപാട്. തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാൽ യുദ്ധത്തിനും മടിക്കില്ലെന്നും മുന്നറിയിപ്പുണ്ട്.
2022 ഓഗസ്റ്റിൽ അന്നത്തെ യു.എസ് സ്പീക്കർ നാൻസി പെലോസി തായ്‌വാൻ സന്ദർശിച്ചത് യു. എസ് - ചൈന സംഘർഷം രൂക്ഷമാക്കിയിരുന്നു. തായ്‌വാന് യു.എസ് അടക്കം പാശ്ചാത്യ രാജ്യങ്ങളുടെ പിന്തുണയുണ്ട്.
തായ്‌വാനെ വേർതിരിക്കുന്ന കടലിടുക്കിലുൾപ്പെടെ നിരന്തരം സൈനികാഭ്യാസങ്ങൾ നടത്തി ഭീതി സൃഷ്ടിച്ചാണ് ചൈന ഇതിന് മറുപടി നൽകുന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പ് ചൈനീസ് നിരീക്ഷണ ബലൂണുകൾ തായ്‌വാൻ കടലിടുക്കിന് മീതേ പറന്ന് പ്രകോപനം സൃഷ്ടിച്ചിരുന്നു.
ഏക ചൈന
1992ൽ തായ‌്‌വാനിൽ അധികാരത്തിലിരുന്ന കൂമിന്താങ് സർക്കാരുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി, തായ്‌വാൻ ഉൾപ്പെടുന്ന ഏക ചൈന എന്ന ധാരണ ഉണ്ടാക്കിയിരുന്നു. ഡി. പി. പി അത് അംഗീകരിച്ചിട്ടില്ല.