
ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഡൗൺലോഡ് ചെയ്യുന്നതും സ്വകാര്യമായി കാണുന്നതും പോക്‌സോ ആക്ടിന് കീഴിലുള്ള കുറ്റകൃത്യമായി കാണാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. അശ്ലീല ചിത്രനിർമ്മാണത്തിന് കുട്ടികളെ ഉപയോഗിക്കുന്നതാണ് പോക്‌സോ വകുപ്പിന് കീഴിലുള്ള കുറ്റകൃത്യമെന്ന് വിശദമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആനന്ജ് വെങ്കിടേഷിന്റെ ഉത്തരവ്. അശ്ലീല വീഡിയോകൾ മൊബൈലിൽ കണ്ടതിന് അറസ്റ്റ് ചെയ്ത യുവാവിന്റെ കേസ് പരിഗണിക്കുകയായിരുന്നു കോടതി.
പോക്‌സോ വകുപ്പ് പ്രകാരം കുറ്റകരമാകണമെങ്കിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ അശ്ലീല ചിത്ര നിർമ്മാണത്തിന് ഉപയോഗിക്കണം. കുട്ടികളെ ഉപയോഗിച്ചുകൊണ്ടുളള അശ്ലീല ദൃശ്യം കണ്ടുവെന്ന ആരോപണം ഈ വകുപ്പിന് കീഴിൽ കുറ്റകൃത്യമല്ല. പൊലീസിന് ലഭിച്ച കത്ത് ആധാരമാക്കിയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
മൊബൈൽ ഫോണിൽ ഡൌൺലോഡ് ചെയ്ത് കാണുന്നുവെന്നായിരുന്നു ആരോപണം. യുവാവ് കുറ്റക്കാരനല്ലെന്നും കോടതി വ്യക്തമാക്കി. സമാനമായ ഒരു കേസിൽ കേരള ഹൈക്കോടതിയുടെ ഉത്തരവും മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.