bharath-jodo-nyay-yathra

ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബി.ജെ.പിക്കും കേന്ദ്ര സർക്കാരിനുമെതിരെ കോൺഗ്രസ് നടത്തുന്ന വൻ പ്രചാരണ പരിപാടിയാണ് ഇന്ന് മണിപ്പൂരിൽ തുടക്കമിടുന്ന ഭാരത് ജോഡോ ന്യായ യാത്ര. 2022 സെപ്‌തംബറിൽ കന്യാകുമാരിയിൽ നിന്ന് തുടങ്ങി 2023 ജനുവരിയിൽ ജമ്മുകാശ്‌മീരിലെ ശ്രീനഗറിൽ സമാപിച്ച യാത്ര രാഹുൽ ഗാന്ധി എന്ന നേതാവിന് നൽകിയ രാഷ്‌ട്രീയ മൈലേജാണ് രണ്ടാം യാത്രയുടെ പ്രചോദനം. ആദ്യം ഭാരത് ന്യായ യാത്ര എന്നു പേരിട്ടെങ്കിലും പിന്നീട് അതിൽ 'ജോഡോ' ചേർത്ത് പരിഷ്‌കരിച്ച് ഭാരത് ജോഡ ന്യായ യാത്ര എന്നാക്കിയത് ആദ്യ യാത്രയുടെ തുടർച്ചയെന്ന് വ്യക്തമാക്കാൻ. ജോഡോ യാത്ര എന്നത് ഒരു ബ്രാൻഡായി മാറ്റുകയാണ് ലക്ഷ്യം. 'ഇന്ത്യ' മുന്നണി നേതാക്കളും പൊതുസമൂഹത്തിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കും. ആദ്യ യാത്രയിലെന്ന പോലെ രാഹുൽ ഗാന്ധി സാധാരണക്കാരുമായി സംവദിക്കും.

ഇന്ന് മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ അനുമതി നിഷേധിച്ചതിനെ തുടർന്ന് നഗരത്തിന് പുറത്തുള്ള തൗബലിൽ ഖോങ്‌ജോം യുദ്ധസ്മാരക സമുച്ചയത്തിന് സമീപം നിന്നാണ് ആരംഭിക്കുന്നത്. ഇന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ മാർച്ച് ഫ്ളാഗ് ഒാഫ് ചെയ്യും. മാർച്ച് 20ന് മുംബയിൽ സമാപിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ 6,700 കിലോമീറ്റർ സഞ്ചരിക്കും. ആദ്യ യാത്രയിൽ നിന്ന് വ്യത്യസ്‌തമായി ബസിലാണ് രാഹുലും യാത്രികരും കൂടുതൽ സഞ്ചരിക്കുക. പദയാത്രയുമുണ്ട്.

ആദ്യം പ്രഖ്യാപിച്ച റൂട്ടിൽ അരുണാചൽ ഉണ്ടായിരുന്നില്ല.

അരുണാചൽ ഒഴിവാക്കിയത് ചൈനയുടെ സമ്മർദ്ദം കാരണമാണെന്ന വിമർശനത്തെ തുടർന്നാണ് സംസ്ഥാനത്തെ ഇറ്റാനഗറും കൂടി ഉൾപ്പെടുത്തി പുതിയ റൂട്ട് തയ്യാറാക്കിയത്.

തുടക്കത്തിലേ തടസങ്ങൾ:

മണിപ്പൂർ തലസ്ഥാനമായ ഇംഫാലിൽ ബി.ജെ.പി ഭരണകൂടം ഉദ്ഘാടന പരിപാടിക്ക് അനുമതി നിഷേധിച്ചത് യാത്ര തുടങ്ങും മുൻപേ വിവാദത്തിന് തിരികൊളുത്തി. തുടർന്ന് അസാമിലെ

രണ്ട് ജി​ല്ലകളി​ൽ രാത്രി​ കണ്ടെയ്‌നർ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള അനുമതി​ നൽകി​യി​ല്ല. നദി​മുറി​ച്ച് കടക്കാനുള്ള ജംഗാർ സർവീസും നി​ഷേധി​ച്ചു.

 ഭാരത് ന്യായ് യാത്ര:

ഭാരത് ജോഡോ യാത്രയിൽ നിന്ന് വ്യത്യസ്‌തമായി രണ്ടാം യാത്ര കൂടുതലും ബസിൽ. ചിലയിടങ്ങളിൽ മാത്രം പദയാത്ര. യാത്രയ്‌ക്കായി പ്രത്യേക ബസ് ഒരുക്കും.

ന്യായ് കാ ഹഖ്, മിൽനെ തക് ( നീതിയുടെ നേര് കണ്ടെത്തും വരെ ) ' യാത്രയുടെ മുദ്രാവാക്യം. സഹിക്കേണ്ട, ഭയക്കേണ്ട എന്നു തുടങ്ങുന്ന തീം ഗാനവും തയ്യാർ.

രാജ്യത്തെ ജനങ്ങൾക്ക് സാമ്പത്തിക, സാമൂഹിക, രാഷ്ട്രീയ നീതി ഉറപ്പാക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് കോൺഗ്രസ്.

 കിഴക്ക് നിന്ന് പടിഞ്ഞാറോട്ടുള്ള യാത്ര പ്രവർത്തക സമിതിയുടെ അനുമതിയോടെ.

2022 സെപ്തംബർ മുതൽ 2023 ജനുവരി വരെ നടന്ന ഭാരത്‌ജോഡോ യാത്രയിൽ കന്യാകുമാരി മുതൽ കാശ്മീർ വരെ 12 സംസ്ഥാനങ്ങളിലായി 4,500 കിലോമീറ്റർ സഞ്ചരിച്ചിരുന്നു

 യാത്ര കൂടുതലും ബസിൽ, ദിവസവും 70-80 കിലോമീറ്റർ യാത്രയിൽ ശരാശരി 8-9 കിലോമീറ്റർ കാൽനടയാത്ര, ഇടയ്‌ക്ക് ഇടവേള

 ദിവസവും രാഹുലിന് രണ്ട് പൊതുപരിപാടികൾ. ചെറിയ ഗ്രൂപ്പുകളെ അഭിസംബോധന ചെയ്യും.

 യാത്ര ഏറ്റവും കൂടുതൽ ദൂരം ഉത്തർപ്രദേശിൽ:1074 കിലോമീറ്റർ(11 ദിവസം 20 ജില്ലകളിൽ). ആകെ 100 ലോക്‌സഭാ മണ്ഡലങ്ങളിലൂടെ

 കടന്നുപോകുന്ന സംസ്ഥാനങ്ങൾ: മണിപ്പൂർ, നാഗലാൻഡ്, അസാം, അരുണാചൽ, മേഘാലയ, പശ്‌ചിമ ബംഗാൾ, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, ഛത്തീസ്ഗഢ്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര