
മികച്ച ഡിഗ്രികൾ സ്വന്തമാക്കിയ ശേഷം നമ്മുടെ മലയാളി കുട്ടികളുടെ ഏവരുടെയും സ്വപ്‌നമാകും നല്ല വരുമാനവും പ്രശ്‌നവുമില്ലാത്ത ഒരു ജോലിയും ജീവിതവും. ഇപ്പോൾ പലരും ഇത്തരം ലക്ഷ്യം മുന്നിൽകണ്ട് രാജ്യത്തിന് വെളിയിലേക്ക് കൂട്ടമായി പോകുകയാണ്. ഇത്തരത്തിൽ ജോലിക്കായി വിദേശത്തേക്ക് കടക്കും മുൻപ് ഏറ്റവും പ്രധാനമായും ആ നാട്ടിലെ പതിവുകളെ കുറിച്ചും തന്റെ ജോലിയുടെ സാദ്ധ്യതകളെയും കുറിച്ച് ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. മലയാളികളടക്കം ഏറെ ഇന്ത്യക്കാർ കുടിയേറിയ ബ്രിട്ടണിൽ ഇനി ജോലി നോക്കാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും ഈ തൊഴിലുകളുമായി ബന്ധപ്പെട്ട കോഴ്‌സുകൾ പഠിക്കുന്നത് നല്ലതാണ്.
ഹെൽത്ത് സർവീസ്
രാജ്യത്താകെ പ്രാവീണ്യം നേടിയ തൊഴിലാളികളിൽ ഈ വർഷം കുറവ് സംഭവിക്കുന്ന രണ്ട് തൊഴിൽ മേഖലയിൽ ഒന്നാണ് ഹെൽത്ത് സർവീസ്. ഡോക്‌ടർമാർ, നഴ്‌സ്, ഫാർമസിസ്‌റ്റുകൾ മുതൽ പബ്ളിക് ഹെൽത്ത് മാനേജർമാർ, ഡയറക്‌ടർമാർ എന്നിങ്ങനെ വിവിധ തൊഴിലുകളിൽ ഈ വർഷം ഒഴിവുണ്ടാകും. ഇംഗ്ളണ്ട്, സ്‌കോട്‌ലന്റ്, വെയ്‌ൽസ്,വടക്കൻ അയർലൻഡ് എന്നിവിടങ്ങളിലാണ് ഈ തൊഴിലിൽ പ്രാവീണ്യമുള്ളവരെ വേണ്ടത്. പ്രതിവർഷം 33040 യൂറോയാണ് പ്രതിഫലം. സ്‌കിൽഡ് വർക്കർ സ്‌കീമിലെ വിസയനുസരിച്ച് അഞ്ച് വർഷം വരെ നിങ്ങൾക്ക് യുകെയിൽ താമസിക്കാനും ജോലി ചെയ്യാനും കഴിയും.
എഞ്ചിനീയറിംഗ്
മെക്കാനിക്കൽ, സിവിൽ എൻജിനീയർമാർക്കും ഡിസൈൻ സ്‌പെഷ്യലിസ്റ്റുകൾക്കും യുകെയിൽ 2024ൽ അവസരങ്ങൾ ഒരുങ്ങുന്നുണ്ട്. 25,000 പൗണ്ട് സ്റ്റെർലിംഗാണ് ശമ്പളം.കോർപറേറ്റ് മേഖലയിൽ വലിയ അവസരങ്ങളാണ് ഉണ്ടാകുക. വരുന്ന മൂന്ന് വർഷത്തേക്ക് ഈ ഡിഗ്രി നേടിയവർക്ക് അവസരമുണ്ടാകും.
ഐടി,ആർകിടെക്‌ചർ
ഇംഗ്ളണ്ട്, സ്കോട്ട്ലന്റ്, വെയിൽസ്, വടക്കൻ അയർലന്റ് എന്നിവിടങ്ങളിൽ പ്രതിവർഷം 30,080 യൂറോ ശമ്പളം നേടിത്തരുന്ന ജോലിയാണ് ഐടി മേഖലയിലുള്ളത്. ബിസിനസ് അനലിസ്റ്റ്, ആർകിടെക്‌ട്, എഞ്ചിനീയർ, സിസ്റ്റം ഡിസൈനർമാർ എന്നിവർക്കാണ് മികച്ച അവസരം. 2027ഓടെ 4.2 ശതമാനത്തോളം വളർച്ച ഈ മേഖലയിൽ പ്രവചിക്കുന്നു.
അദ്ധ്യാപകർ
പ്രാവീണ്യം നേടിയ തൊഴിലുകാരിൽ ഈ വർഷം കുറവുണ്ടാകും എന്ന് പ്രതീക്ഷിക്കുന്ന മേഖലയാണിത്. മെഡിക്കൽ മേഖലയിലെ എല്ലാ ജോലികൾക്കും പുറമേ അദ്ധ്യാപകരിൽ സെക്കന്ററി അദ്ധ്യാപകരിലും വിവിധ വിഷയങ്ങളിൽ കുറവുണ്ടാകും. കണക്ക്,ഫിസിക്‌സ്, മറ്റ് സയൻസ് വിഷയങ്ങൾ, കമ്പ്യൂട്ടർ സയൻസ്, വിവിധ ഭാഷകൾ എന്നിവയിലാകും അദ്ധ്യാപകരെ ആവശ്യമായി വരിക. ഓഫ്‌സ്റ്റർ ഇൻസ്‌പെക്‌ടർ,ടീച്ചിംഗ് അസിസ്റ്റന്റ്,എയർളി ഇയർ ടീച്ചേഴ്‌സ് എന്നിവരുടെ തസ്‌തികയിലാകും ഒഴിവുവരിക.