
സനാ: യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളിൽ വീണ്ടും യു.എസ് വ്യോമാക്രമണം. ചെങ്കടലിൽ ഹൂതികൾ വീണ്ടും കപ്പലുകളെ ആക്രമിച്ചാൽ തങ്ങളുടെ സൈന്യം തിരിച്ചടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ആക്രമണം. തലസ്ഥാനമായ സനായിലടക്കം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തു. ഹൂതികളുടെ റഡാർ കേന്ദ്രത്തെയാണ് ആക്രമണത്തിലൂടെ തകർത്തതെന്നാണ് റിപ്പോർട്ട്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അതേ സമയം, വെള്ളിയാഴ്ച പുലർച്ചെ യു.എസും യു.കെയും ചേർന്ന് യെമനിലെ ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ ശക്തമായ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ചെങ്കടലിലേക്ക് ഹൂതികൾ വിക്ഷേപിച്ച ഒരു മിസൈൽ ഒരു എണ്ണ ടാങ്കറിൽ നിന്ന് 500 മീറ്റർ അകലെ പതിച്ചിരുന്നു. ഗാസയിൽ ഇസ്രയേലിന്റെ ആക്രമണത്തിന് തിരിച്ചടിയായാണ് ഇറാൻ പിന്തുണയുള്ള ഹൂതി വിമതർ ചെങ്കടലിൽ കപ്പലുകളെ ആക്രമിക്കുന്നത്. യു.എസ് തിരിച്ചടിച്ചാലും ഗാസയ്‌ക്കുള്ള പിന്തുണയായി ആക്രമണം തുടരുമെന്നാണ് ഹൂതികളുടെ നിലപാട്.