
കൊച്ചി: ചെങ്കടൽ മേഖലയിലെ രാഷ്ട്രീയ സംഘർഷങ്ങൾ ശക്തമായതോടെ രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 78 ഡോളറിലേക്ക് ഉയർന്നു. യെമനിലെ ഹൂതി വിമതർക്കെതിരെ അമേരിക്കയും ബ്ര്രിട്ടനും തുടർച്ചയായി ആക്രമണം ശക്തമാക്കിയതോടെയാണ് രാജ്യാന്തര വിപണിയിൽ വീണ്ടും എണ്ണ വില മുകളിലേക്ക് നീങ്ങിയത്. ബ്രെന്റ് ക്രൂഡിന്റെ വില വെള്ളിയാഴ്ച ഒരു ശതമാനം ഉയർന്ന് 78.29 ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം സൗദി അറേബ്യ ക്രൂഡ് വില കുത്തനെ കുറച്ചുവെങ്കിലും ലോജിസ്റ്റിക് പ്രശ്നങ്ങൾ വിപണിക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തുന്നത്.
ഹൂതി വിമതരുടെ തുടർച്ചയായ ആക്രമണങ്ങൾ മൂലം ലോകത്തിലെ പ്രമുഖ കപ്പൽ കമ്പനികൾ പലതും ചെങ്കടൽ വഴിയുള്ള സർവീസുകൾ നിറുത്തിവെച്ചതാണ് എണ്ണവിലയിൽ വൻ വർദ്ധന സൃഷ്ടിക്കുന്നത്.