pic

വെല്ലിംഗ്ടൺ: ന്യൂസിലൻഡ് മുൻ പ്രധാനമന്ത്രി ജെസീന്ത ആർഡേനും ദീർഘകാല പങ്കാളിയായ ക്ലാർക്ക് ഗെയ്‌ഫോർഡും വിവാഹിതരായി. ഇന്നലെ നോർത്ത് ഐലൻഡിൽ ഹോക്ക്സ് ബേയിലെ ക്രാഗി റേഞ്ച് വൈനറിയിൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം.

2019ലായിരുന്നു 43കാരിയായ ജെസീന്തയുടെയും 47കാരനായ ഗെയ്‌ഫോർഡിന്റെയും വിവാഹ നിശ്ചയം. 2022ലാണ് വിവാഹം തീരുമാനിച്ചിരുന്നത്. കൊവിഡ് കേസുകൾ വർദ്ധിച്ച പശ്ചാത്തലത്തിൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ജെസീന്ത വിവാഹം മാറ്റിവച്ചു. ടെലിവിഷൻ അവതാരകനാണ് ക്ലാർക്ക്. 2018ൽ ഇരുവർക്കും നീവ് ടേ അറോഹ എന്ന മകൾ ജനിച്ചിരുന്നു.

പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയ്ക്ക് ശേഷം അധികാരത്തിലിരിക്കെ കുഞ്ഞിന് ജന്മം നൽകിയ ലോകനേതാവാണ് ജെസീന്ത. 2017ൽ ന്യൂസിലൻഡ് പ്രധാനമന്ത്രിയായ ജെസീന്ത കഴിഞ്ഞ വർഷം ജനുവരിയിലാണ് പ്രധാനമന്ത്രി പദവും ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും രാജിവച്ചത്. രാഷ്ട്രീയത്തിൽ നിന്നൊഴിഞ്ഞ് ഇനി കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആഗ്രഹിക്കുന്നതായി ജെസീന്ത വ്യക്തമാക്കിയിരുന്നു. ലേബർ പാർട്ടിയെ നയിച്ച ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവാണ് ജെസീന്ത.