pic

വാഷിംഗ്ടൺ : ലോകത്തെ ഏറ്റവും പഴക്കംചെന്ന വനം കണ്ടെത്തി ഗവേഷകർ. ന്യൂയോർക്കിലെ കെയ്‌റോയ്ക്ക് സമീപമുള്ള ആളൊഴിഞ്ഞ ഒരു ക്വാറിയിലാണ് ഭൂമിയിലെ ഏ​റ്റവും പുരാതനമെന്ന് കരുതുന്ന വനം കണ്ടെത്തിയത്. ഏകദേശം 385 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ട് ഇതിനെന്ന് കരുതുന്നു. ഇവിടുത്തെ പാറകളിൽ പുരാതന വൃക്ഷങ്ങളുടെ വേരുകളും കണ്ടെത്തി.


ഈ വനത്തെ പറ്റി ഗവേഷണ സംഘത്തിന് നേരത്തെ തന്നെ അറിവുണ്ടായിരുന്നെങ്കിലും ഇവിടെ വളരുന്ന സസ്യങ്ങളുടെയും മരങ്ങളുടെയും കാലപ്പഴക്കം ഇത് ആദ്യമായിട്ടാണ് ശരിയായി നിർണയിക്കുന്നത്. ദിനോസറുകളുടെ കാലത്ത് നിലനിന്നിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന പ്രാചീന സസ്യങ്ങളുടെ ശേഷിപ്പുകൾ ഇവിടെ കാണാം.

ഏകദേശം 400 കിലോമീ​റ്റർ വിസ്തൃതിയുള്ള പ്രദേശമായിരുന്നു ഒരിക്കൽ ഇവിടം എന്ന് യുഎസിലെ ബിംഗ്ഹാംടൺ യൂണിവേഴ്സിറ്റിയിലെയും വെയിൽസിലെ കാർഡിഫ് യൂണിവേഴ്സിറ്റിലെയും ഗവേഷകർ കണക്കാക്കുന്നു. 2019 മുതൽ പ്രദേശത്ത് പഠനങ്ങൾ തുടരുകയായിരുന്നു. നിലവിൽ ആമസോൺ മഴക്കാടുകളും ജപ്പാനിലെ യകുഷിമ വനവുമാണ് അറിയപ്പെടുന്ന ഏറ്റവും പഴക്കം ചെന്ന വനങ്ങൾ.