
മലപ്പുറം: ഏറെ വിവാദം സൃഷ്ടിച്ച കൈവെട്ട് പരാമർശത്തിൽ എസ്കെഎസ്‍എസ്എഫ് നേതാവ് സത്താർ പന്തല്ലൂരിനെതിരെ പൊലീസ് കേസെടുത്തു. അഷ്റഫ് കളത്തിങ്ങൽ എന്നയാളുടെ പരാതിയെത്തുടർന്നാണ് ഐപിസി 153 പ്രകാരം മലപ്പുറം പൊലീസ് കേസെടുത്തത്.
സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്താൻ വരുന്നവരുടെ കൈവെട്ടാൻ എസ് കെ എസ് എസ് എഫ് പ്രവർത്തകരുണ്ടാകുമെന്ന പരാമർശമാണ് വിവാദത്തിലായത്. മലപ്പുറം ടൗൺഹാളിന് മുന്നിൽ നടന്ന മുഖദ്ദസ് സന്ദേശ യാത്രയുടെ സമാപന ചടങ്ങിൽവച്ചായിരുന്നു വിവാദ പരാമർശം. മുമ്പ് പഞ്ചായത്ത് മെമ്പറെ വിളിച്ചാൽ അവർക്ക് സമസ്തയുടെ ഓഫീസിൽ കയറാൻ സമയമില്ലായിരുന്നു. എന്നാൽ ഇന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ സമസ്തയുടെ ഓഫീസിൽ വരാൻ സമയം തരണേയെന്ന് പറയുന്ന രീതിയിലേക്ക് പ്രസ്ഥാനം വളർന്നെന്നും നേതാവ് പറഞ്ഞു.സമസ്ത മുശാവറ ഒരു തീരുമാനമെടുത്തുകഴിഞ്ഞാൽ അത് എല്ലാവരും അംഗീകരിക്കണമെന്നും അല്ലാത്തവരെ സമസ്തയ്ക്കും എസ് കെ എസ് എസ് എഫിനും വേണ്ടെന്നും സത്താർ പന്തല്ലൂർ പറഞ്ഞു. സമുദായത്തിന്റെ പൊതു താത്പര്യങ്ങൾക്ക് വേണ്ടി മുസ്ലീം ഐക്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
പരാമർശത്തിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. പരാമർശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി രംഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തിൽ സംസാരിക്കുന്നത് സമസ്തയുടെ ശൈലിയല്ലെന്നായിരുന്നു ജില്ലാ ജനറൽ സെക്രട്ടറി മൊയ്തീൻ ഫൈസി പുത്തനഴി പറഞ്ഞത്. ഇത്തരം പരാമർശങ്ങൾ സമസ്തയുടെ നേതാക്കൾ പറയാറില്ല, തീവ്രവാദികൾക്കെതിരെ എന്നും നിലപാട് എടുത്ത പ്രസ്ഥാനമാണ് സമസ്തയെന്നും അദ്ദേഹം വ്യക്തമാക്കി.