garden

കൊച്ചി: എട്ട് പതിറ്റാണ്ടായി വളരാതെ വളരുന്ന 1500ഓളം വാമനവൃക്ഷങ്ങൾ. ജാപ്പനീസ് ഭാഷയിൽ ബോൺസായികൾ. ഇവയിൽ വിദേശികളും സ്വദേശികളുമുണ്ട്. ഏറ്റവും പഴക്കമുള്ളത് 60 വയസുള്ള ഫൈക്കസ് ന്യൂഡ വൃക്ഷം. അഞ്ചു ലക്ഷം രൂപ വില പറഞ്ഞിട്ടും ഇതിനെ കൈവിട്ടിട്ടില്ല. 2000 മുതൽ ലക്ഷങ്ങൾ വരെ വില പറഞ്ഞിട്ടുള്ള ബോൺസായികൾ നിരവധിയുണ്ട്. 50 വയസുള്ള പുളിമരവുമുണ്ട്. ചെടിച്ചട്ടികളിലാണ് ഈ മരങ്ങളുടെ വലിയ ലോകം.

കടവന്ത്രയിലെ കൊച്ചി ബോൺസായി ഗാർഡന് രണ്ട് തലമുറകളുടെ പാരമ്പര്യമുണ്ട്.പള്ളത്തുശേരിയിൽ സി.സി. സെബാസ്റ്റ്യനാണ് (65) ഉടമ. സെബാസ്റ്റ്യന്റെ പിതാവ് ബ്രിട്ടീഷ് റോയൽ നേവി ഉദ്യോഗസ്ഥനായിരുന്ന ചാക്കോയാണ് ബോൺസായി മരങ്ങൾ ആദ്യം വളർത്തിയത്. ചാക്കോ വിദേശത്ത് പോയപ്പോഴാണ് ​ ബോൺസായിയെപ്പറ്റി അറിയുന്നത്. ആൽമരത്തിലാണ് തുടങ്ങിയത്. ഇലക്ട്രോണിക് ടെക്നീഷ്യനായിരുന്ന സെബാസ്റ്റ്യൻ 1979ന് ശേഷം പി​താവി​ന്റെ പാതയിലെത്തി.1500 ചതുരശ്ര അടിയുള്ള മട്ടുപ്പാവിലാണ് ഉദ്യാനം. ബ്രസീലിയൻ റെയിൻട്രീ, മണിട്രീ, ബോധി വൃക്ഷം, കമണ്ഡലു മരം, പേരാൽ, അരയാൽ, അത്തി, ഇത്തി, പാല, ഗുൽമോഹർ, മാവ്, ബോക്സ് വുഡ് എന്നിങ്ങനെ അഞ്ഞൂറോളം മരങ്ങൾ കൂട്ടത്തിലുണ്ട്.

അഞ്ചുവർഷം വേണം ബോൺസായിയാവാൻ

മിനിയേച്ച‍ർ മരങ്ങൾ വളർത്തുന്ന ബോൺസായിക്ക് സംസ്‌കൃതത്തിൽ വാമൻ വൃക്ഷകല എന്ന് പറയും. ഒരു വൃക്ഷത്തൈ ബോൺസായി ആക്കാൻ അഞ്ച് വർഷത്തെ പരിപാലനം വേണം. ചെടി കമ്പികെട്ടി, കമ്പുവെട്ടി വളർത്തണം. ചില്ലകൾ വെട്ടിയൊതുക്കി അതീവ ശ്രദ്ധ വേണ്ട കലയാണ് ബോൺസായി. 2003ലാണ് വില്പന ആരംഭിച്ചത്. കോളേജുകളിലും സ്കൂളുകളിലും ബോൺസായി ചെടികളെപ്പറ്റി ക്ലാസെടുക്കുന്നുമുണ്ട്. ഭാര്യ ത്രേസ്യ. മക്കൾ: ആ‌ർമിയിൽ കേണലായ ജെയിംസ് സെബാസ്റ്റ്യൻ, ദുബായിൽ ഷിപ്പിംഗ് കമ്പനി ഉദ്യോഗസ്ഥനായ റിച്ചാർഡ് സെബാസ്റ്റ്യൻ.

`വില്പന ഉദ്ദേശിച്ചല്ല വളർത്തുന്നത്. ഇതെന്റെ പാഷനാണ്. വാങ്ങാൻ വരുന്നവർ‌ക്ക് ബോൺസായി വളർത്താൻ കഴിയുമെന്ന് ബോദ്ധ്യമായാലേ നൽകൂ. അല്ലെങ്കിൽ അഞ്ചുവർഷത്തെ അദ്ധ്വാനമാണ് ഇല്ലാതാകുന്നത്.'

-സി.സി. സെബാസ്റ്റ്യൻ