
കൊല്ലം: ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപാേയ സംഭവത്തിൽ പൊലീസ് ഉടൻ കുറ്റപത്രം സമർപ്പിക്കും. ഏറെ വിവാദം ഉണ്ടാക്കിയ കേസിലെ കുറ്റപത്രം ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കോടതിയിൽ സമർപ്പിക്കും എന്നാണ് ലഭിക്കുന്ന സൂചന. കഴിഞ്ഞദിവസം ഇതുസംബന്ധിച്ചുള്ള ഉന്നതതല യോഗം നടന്നിരുന്നു. പ്രതികൾ കുട്ടിയുമായി കാറിൽ പോകുന്ന സിസിടിവി ദൃശ്യങ്ങൾ, ലാപ്‌ടോപ്പ്, മൊബൈൽ ഫോൺ എന്നിവ ഉൾപ്പടെ നിരവധി തെളിവുകൾ കുറ്റപത്രത്തിന്റെ ഭാഗമായി സമർപ്പിക്കും. ഇതിനൊപ്പം ശാസ്ത്രീയ തെളിവുകളുടെ പരിശോധനാ ഫലങ്ങളും ഉണ്ടാവും. മോചനദ്രവ്യമാവശ്യപ്പെട്ട് കുട്ടിയെ തട്ടിക്കാെണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ജീവപര്യന്തം ശിക്ഷ ഉറപ്പ് വരുത്തുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടവിൽ പാർപ്പിക്കുക, മുറിവേൽപിക്കുക, ഗൂഢാലോചന, തെളിവു നശിപ്പിക്കുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം.
ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെആർ പത്മകുമാർ (51), ഭാര്യ എംആർ അനിതകുമാരി (39), മകൾ പിഅനുപമ (21) എന്നിവരാണ് പ്രതികൾ. ഇവർ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇവർ അറസ്റ്റിലായിട്ട് രണ്ടുമാസത്തോളം ആയെങ്കിലും ഇതുവരെ ജാമ്യാപേക്ഷ നൽകിയിട്ടില്ല. 90 ദിവസത്തിനുള്ളിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കുന്നതോടെ വിചാരണ കഴിയുംവരെ ജയിലിൽ തന്നെ കഴിയേണ്ടിവരും.
പത്മകുമാറിനും കുടുംബത്തിനും ഉണ്ടായ വൻ സാമ്പത്തിക ബാദ്ധ്യത തീർക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർച്ച് മോചനദ്രവ്യമാവശ്യപ്പെട്ടെന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോയതിന്റെ പിറ്റേന്ന് കുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഏറെ പഴി കേൾക്കേണ്ടിവന്നെങ്കിലും ദിവസങ്ങൾക്കുള്ളിൽത്തന്നെ പ്രതികളെ പൊലീസ് പിടികൂടി. പെൺകുട്ടിയുടെ സഹോദരനായിരുന്നു കേസിലെ മുഖ്യ സാക്ഷി.