തിരുവനന്തപുരം: രാമക്ഷേത്രം വരുന്നത് നല്ലകാര്യമെന്ന് പ്രശസ്ത സാഹിത്യകാരൻ ജോർജ് ഓണക്കൂർ. കോൺഗ്രസ് നിലപാടിൽ യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൗമുദി ടിവിയുടെ സ്‌ട്രെയിറ്റ് ലൈനിലൂടെയാണ് ജോർജ് ഓണക്കൂർ തന്റെ നിലപാട് തുറന്നുപറഞ്ഞത്.

george-onakkoor

താനൊരു കോൺഗ്രസ് സഹയാത്രികനായിരുന്നെന്നും ഇപ്പോൾ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇപ്പോൾ കോൺഗ്രസ് സഹയാത്രികനല്ലെന്ന് ധൈര്യമായി പറയാൻ തയ്യാറാകുന്നത് എന്താണെന്നുവച്ചാൽ, കോൺഗ്രസ് എന്താണെന്നും ആരാണെന്നും അറിയാൻ സാധിക്കാത്ത നിലയിലേക്കാണ് കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. എനിക്കൊരു പക്ഷപാതിത്വവും ഇല്ല. എന്റെ പക്ഷപാതിത്വം സത്യത്തിന്റെ ഭാഗത്താണ്.'- അദ്ദേഹം പറഞ്ഞു.

രാമജന്മഭൂമിയിലൊരു രാമക്ഷേത്രം വരുന്നെന്ന് പറയുന്നത് ഇന്ത്യക്കാരൻ എന്ന നിലയ്ക്ക് നല്ല കാര്യമാണെന്ന് ചിന്തിക്കുന്നയാളാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. 'അയോദ്ധ്യ പ്രതിഷ്ഠയിൽ കോൺഗ്ര‌സ്‌ പാർട്ടി ലെവലിൽ പോകണമെന്ന് ഞാൻ പറയുന്നില്ല. അത് അവരുടെ കാര്യമാണ്. പക്ഷേ അതിൽ പങ്കെടുക്കുന്നതിന് യാതൊരു അപാകതയുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എനിക്ക് അതിനെക്കുറിച്ച് വ്യക്തമായൊരു കാഴ്ചപ്പാടുണ്ട്.

പഴയ ആക്രമണകാരികളുടെ കാലത്ത്. ഏത് ആക്രമണമെന്ന് ഞാൻ പറയുന്നില്ല. ജറുസലേം ദേവാലയം, ഞാൻ അവിടെ പോയിട്ടുണ്ട്. സോളമന്റെ കാലത്ത് പണി കഴിപ്പിച്ചതാണ്. ഇരുപത് പ്രാവശ്യം ജറുസലേം ദേവാലയം തകർക്കപ്പെട്ടിട്ടുണ്ട്. ഇതുപോലെ ആക്രമണകാരികൾ ഓരോ കാലത്തും തകർക്കപ്പെട്ട എത്രയോ ആരാധനാലയങ്ങൾ ഇന്ത്യയിലുണ്ട്. ഞാൻ ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ പോയിട്ടുണ്ട്. സർദാർ പട്ടേലിന്റെ പ്രതിമയുണ്ട് അതിനുമുന്നിൽ. സർദാർ പട്ടേലിന്റെ കാലത്ത് വീണ്ടും പണിതുയർത്തിയ ക്ഷേത്രമാണ്. ഞാൻ അവിടെ പോയിട്ടുണ്ട്.

ഈ ആക്രമണകാരികൾ വന്ന് ഒട്ടേറെ പുരാതന ദേവാലയങ്ങൾ തകർത്തു. അങ്ങനെയുള്ള ആരാധനാലയങ്ങൾ പുനർനിർമിക്കുകയെന്നത് ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്നു. ബാബറി മസ്ജിദ് തകർത്തതിനോട് യോജിക്കുകയല്ല ഞാൻ ചെയ്യുന്നത്. ബാബറി മസ്ജിദിന് മുമ്പൊരു ദേവാലയം അവിടെയുണ്ടായിരുന്നല്ലോ. ബാബറി മസ്ജിദ് തകർക്കപ്പെട്ടെങ്കിൽ, ഒരു വിഭാഗം ജനങ്ങൾക്ക് വേദനയുണ്ടാക്കിയെങ്കിൽ അതിന് മറ്റൊരു ദേവാലയം നിർമിക്കാനുള്ള അവസരം ഗവൺമെന്റ് കൊടുത്തിട്ടുണ്ട്.

ഞാൻ ജാതിയും മതവും ഇല്ലാത്ത ആളാണ്. ഭാരതീയ സംസ്‌കാരം അനുസരിച്ച് നോക്കുമ്പോൾ ഒരു മൂർത്തിയുണ്ട്. ശബരിമലയിൽ പോകുമ്പോൾ അവിടെ അയ്യപ്പസ്വാമിയുണ്ട്. ഗുരുവായൂരിൽ ചെല്ലുമ്പോൾ കൃഷ്ണനുണ്ട് അവിടെ. ഓരോ ക്ഷേത്രത്തിൽ ചെല്ലുമ്പോഴും അവിടെ ഓരോ ആരാധനാമൂർത്തിയുണ്ട്. മറ്റ് ചില മതങ്ങളെ സംബന്ധിച്ച് അത് പ്രാർത്ഥനാലയങ്ങൾ മാത്രമാണ്. അത് ആരാധനാലയമല്ല, പ്രാർത്ഥനാലയമാണ്.

ഒരു പ്രാർത്ഥനാലയത്തിന് എന്തെങ്കിലും അപകടം സംഭവിച്ചാൽ അത് നശിപ്പിക്കപ്പെടുകയോ മറ്റോ ചെയ്താൽ, ഒരു പ്രാർത്ഥനാലയം നിർമിച്ച് അതിന്റെ ന്യൂനത അല്ലെങ്കിൽ ആ പ്രശ്നം പരിഹരിക്കാൻ സാധിക്കും. അതുപോലെയല്ല ക്ഷേത്രങ്ങളെ സംബന്ധിച്ചുള്ളത്. ഇപ്പോൾ ശബരിമല ക്ഷേത്രം നശിപ്പിക്കപ്പെട്ടാൽ അതിനുപകരം വേറൊരു ശബരിമല ഉണ്ടാക്കിയിട്ട് കാര്യമില്ല. ഗുരുവായൂർ ക്ഷേത്രം, അങ്ങനെ പറയാൻ പോലും എനിക്ക് ധൈര്യമില്ല, അതിനൊരു കേടുപാട് സംഭവിച്ചാൽ മറ്റൊരു ഗുരുവായൂർ ക്ഷേത്രമുണ്ടാക്കാൻ നമുക്ക് സാധിക്കില്ല.

ഒന്നുംവേണ്ട ടിപ്പുവിന്റെ പടയോട്ടത്തെക്കുറിച്ച് ഞാൻ പറയാം. ഞാൻ ഒത്തിരി സംവാദങ്ങളിൽ സംസാരിച്ചിട്ടുള്ളതാണ്. ടിപ്പുവിന്റെ പടയോട്ടം തിരുവിതാംകൂറിലേക്ക് പ്രവേശിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ കൊച്ചിയിലേക്ക് പ്രവേശിച്ചിരുന്നെങ്കിൽ എന്താണ് സംഭവിക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഒരു കല്ല് ഇളകിയിരുന്നെങ്കിൽ എന്തായിരുന്നേനെ നമ്മുടെ വികാരമെന്ന് ആലോചിച്ചിട്ടുണ്ടോ?'- അദ്ദേഹം ചോദിച്ചു.