
പത്തനംതിട്ട: വെണ്ണിക്കുളം സ്വദേശിനി അംബികയുടെ ദുരിത ജീവിതത്തിന് പരിഹാരമാകുന്നു. പതിവായി വെള്ളം കയറുന്ന വീട്ടിലായിരുന്നു ഇത്രയും നാൾ അംബിക താമസിച്ചിരുന്നത്. ദുരിതത്തെക്കുറിച്ചറിഞ്ഞ നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപി വെള്ളം കയറാത്ത സ്ഥലം വാങ്ങിക്കൊടുത്തു.
ഇവിടെ വീടുവയ്ക്കാനുള്ള സഹായവും കുടുംബത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഒരു മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.പന്ത്രണ്ട് വർഷം മുമ്പ് പഞ്ചായത്ത് നൽകിയ സ്ഥലത്ത് വീടുവച്ചായിരുന്നു അംബിക താമസിച്ചിരുന്നത്. ഈ വീട്ടിൽ സ്ഥിരമായി വെള്ളം കയറും. വിവരമറിഞ്ഞ സുരേഷ് ഗോപി മറ്റൊരു സ്ഥലം വാങ്ങി നൽകുകയായിരുന്നു.
'ആ പെരയ്ക്കകത്ത് കിടക്കുമ്പോൾ എന്റെ കുഞ്ഞുങ്ങൾ എപ്പോഴും ചോദിക്കും, എന്നാ അമ്മേ ഇതൊന്ന് മാറുകയെന്ന് ചോദിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണിത്. സുരേഷ് ഗോപി സാറിനോട് നന്ദി പറഞ്ഞാൽ തീരത്തില്ല.'- അംബിക പറഞ്ഞു.
അതേസമയം, ഈ മാസം പതിനേഴിന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചാണ് സുരേഷ് ഗോപിയുടെ മകളുടെ വിവാഹം നടക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള അതിഥികളാണ് തൃശൂരിലെത്തുന്നത്.