thusara

മൂവാറ്റുപുഴ: എഴുത്തുകാരിയും കാലടി സർവകലാശാല ജീവനക്കാരിയുമായ സിന്ധു ഉല്ലാസിന്റെ വീട്ടിൽ തുഷാരസസ്യം പൂത്തുലഞ്ഞത് കൗതുക കാഴ്ചയായി. നിരവധിപേരാണ് തുഷാരസസ്യം പൂവിട്ടത് കാണാനെത്തുന്നത്. മൂവാറ്റുപുഴ വാഴപ്പിള്ളി ചാരുതയിൽ സിന്ധുവിന്റെ ഭർത്താവ് ഡി.ഉല്ലാസ് വിനോദയാത്ര പോയപ്പോൾ വാങ്ങിയ ചെടി ഏറെ നാളുകൾക്ക് മുമ്പ് നട്ടിരുന്നു. കണ്ടാൽ കാട്ടുചെടിയെന്ന് തോന്നിപ്പിക്കുന്ന സസ്യം വളർന്നു വലുതായപ്പോൾ കാടാണെന്ന് കരുതി സിന്ധു വെട്ടിക്കളഞ്ഞു. എന്നാൽ തുഷാര സസ്യം വാശിയോടെ വീണ്ടും വളരാൻ തുടങ്ങി. ഒടുവിൽ പൂത്തുലഞ്ഞ് ആരേയും ആകർഷിക്കുന്നതായി മാറി. പൂത്തിരി കത്തിച്ചപോലെ നിറയെ പൂക്കളുണ്ട് തുഷാര സസ്യത്തിൽ. വെളുത്ത ഇലകൾക്കിടയിൽ കുഞ്ഞു പൂക്കൾ. കാഴ്ചയ്ക്ക് മനോഹരം മാത്രമല്ല വീട്ടിലും പരസരത്തുമെല്ലാം തുഷാര പുഷ്പം ഹൃദ്യമായ സുഗന്ധവും പരത്തുന്നു.

പേരുകൾ അനവധി

മെക്സിക്കോയിലെയും അമേരിക്കയിലെയും തദ്ദേശീയ ചെടിയാണ് തുഷാര സസ്യം.യുഫോർബിയ ലുകൊസെഫാല എന്ന് ശാസ്ത്രനാമം. ചെറിയ ക്രിസ്മസ് പൂക്കൾ, വെളുത്ത ലെയ്‌സ് യൂഫോർബിയ, സ്‌നോബുഷ്, സ്‌നോഫ്‌ളേക്, സ്‌നോസ് ഓഫ് കിളിമഞ്ചാരോ, വെളുത്ത ക്രിസ്മസ് ബുഷ്‌ എന്നിങ്ങനെയെല്ലാം ഈ ചെടി അറിയപ്പെടുന്നു.