crime

വാഷിംഗ്‌ടൺ: കാമുകന്റെ കുഞ്ഞിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ 20കാരി അറസ്റ്റിൽ. ബാറ്ററികൾ, സ്ക്രൂ, നെയിൽ പോളിംഷ് റിമൂവർ എന്നിവ കഴിപ്പിച്ചാണ് യുവതി 18 മാസം മാത്രം കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുഎസിലെ പെVസിൽവാനിയയിലാണ് സംഭവം. ഐറിസ് റിത അൽഫേറ എന്ന പെൺകുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അലീസിയ ഓവൻസ് എന്ന യുവതിയാണ് കഴിഞ്ഞദിവസം അറസ്റ്റിലായത്.

കഴിഞ്ഞവർഷം ജൂണിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. കുഞ്ഞിന്റെ രക്തത്തിൽ അസിറ്റോൺ അമിതമായ അളവിലാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത് വഴിതിരിവ് ആവുകയായിരുന്നു. നെയിൽപോളിഷ് തുടങ്ങിയവ കുഞ്ഞിൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് കൃത്യം നടത്തുന്നതിന് മുൻപായി യുവതി ഗവേഷണം നടത്തിയതായും റിപ്പോർട്ടിൽ പറയുന്നു.

കുഞ്ഞിന്റെ പിതാവ് ബെയ്‌ലി ജേക്കബി സാധനങ്ങൾ വാങ്ങാൻ പുറത്തുപോയ സമയത്താണ് യുവതി കൃത്യം നടത്തിയത്. പിന്നാലെ കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതായി പിതാവിനെ അലീസിയ വിളിച്ചറിയിക്കുകയായിരുന്നു. ബെയ്‌ലി വീട്ടിലെത്തിയപ്പോൾ അബോധാവസ്ഥയിൽ കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. പിന്നാലെ ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. വിദഗ്ദ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേയ്ക്ക് കുഞ്ഞിനെ മാറ്റുകയും ചെയ്തിരുന്നു.

അവയവങ്ങൾ പ്രവ‌ർത്തനരഹിതമായതിനെത്തുടർന്ന് നാല് ദിവസങ്ങൾ കഴിഞ്ഞപ്പോൾ കുഞ്ഞ് മരിച്ചു. മാതാവ് എമിലി അൽഫേറയ്ക്കൊപ്പമാണ് കുഞ്ഞ് താമസിച്ചിരുന്നത്. പിതാവിന് സന്ദർശനത്തിനുള്ള അനുവാദം മാത്രമാണ് ഉണ്ടായിരുന്നത്. കുഞ്ഞ് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കട്ടിലിന്റെ വക്കിൽ തലയിടിക്കുകയും താഴെ വീഴുകയുമായിരുന്നെന്നാണ് അലീസിയ പൊലീസിന് മൊഴി നൽകിയത്. എന്നാൽ മാസങ്ങൾക്ക് മുൻപുതന്നെ കുഞ്ഞ് വാട്ടർ ബീഡുകൾ, ബട്ടന്റെ ആകൃതിയിലുള്ള ബാറ്ററികൾ, ലോഹത്തിലെ സ്ക്രൂ, നെയിൽ പോളിഷ് എന്നിവ കഴിച്ചിരുന്നതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തുകയായിരുന്നു.

പിന്നാലെ അലീസിയയുടെ ഫോൺ പരിശോധിച്ച പൊലീസ് കുഞ്ഞിനെ കൊലപ്പെടുത്താൻ സാധിക്കുന്ന വീട്ടുവസ്‌തുക്കളെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. ഇതിനെത്തുടർന്നാണ് യുവതി പിടിയിലായത്.