
ടൊറന്റോ: മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ വരവ് കുറയ്‌ക്കാനൊരുങ്ങി കനേഡിയൻ സർക്കാർ. നിയന്ത്രണാതീതമായതിനാൽ വരും മാസങ്ങളിൽ തന്നെ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ഒരു കനേഡിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
നിലവിൽ വിവിധ സ്ഥാപനങ്ങളിലായി ഒമ്പത് ലക്ഷത്തോളം അന്തർദേശീയ വിദ്യാർത്ഥികളാണ് കാനഡയിൽ പഠിക്കുന്നത്. ഇതിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. എണ്ണം പരിമിതപ്പെടുത്തുമെന്ന് പറഞ്ഞെങ്കിലും കൃത്യമായ കണക്ക് മന്ത്രി വ്യക്തമാക്കിയിട്ടില്ല. എത്ര ശതമാനത്തോളം കുറവ് വരുത്തുമെന്ന് ചർച്ചകൾ നടത്തിയ ശേഷം അറിയിക്കുമെന്നും മാർക്ക് മില്ലർ പറഞ്ഞു.
ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ നൽകുന്ന വിവരം അനുസരിച്ച്, രാജ്യത്ത് ഏറ്റവും കൂടുതൽ അന്തർദേശീയ വിദ്യാർത്ഥികളുള്ളത് ഇന്ത്യയിൽ നിന്നാണ്. 2023 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം, 5,79,075 അന്തർദേശീയ വിദ്യാർത്ഥികളിൽ 215,910ഉം ഇന്ത്യക്കാരാണ്. 2022ൽ 548,785ൽ 225,835 ഉം ഇന്ത്യക്കാരാണ്. കഴിഞ്ഞ വർഷം അവസാനം മുതൽ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ കാനഡ സ്വീകരിച്ചുവരികയാണ്. ഈ വർഷം ജനുവരി ഒന്ന് മുതൽ നൽകിയ അപേക്ഷകരിൽ, വിദ്യാർത്ഥികൾക്ക് കുറഞ്ഞത് 12.7 ലക്ഷം രൂപ (CA$ 20,635) അക്കൗണ്ടിൽ ഉണ്ടെന്ന് കാണിക്കേണ്ടതുണ്ട്. നേരത്തേ ഇത് 6.14 ലക്ഷം രൂപ (CA$ 10,000) ആയിരുന്നു.