curryleaves

അകാലനര മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർ ഹെയർ ഡൈകളെയാണ് കൂടുതലായി ആശ്രയിക്കാറുള്ളത്. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന പല ഹെയർ ഡൈകളിലും പാർശ്വഫലങ്ങൾക്ക് കാരണമാകുന്ന കെമിക്കലുകൾ ഉപയോഗിച്ചിട്ടുണ്ട്. അതിനാൽത്തന്നെ തികച്ചും നാച്വറലായ രീതിയിൽ മുടി കറുപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. കറിവേപ്പിലയും, കഞ്ഞിവെള്ളവുമൊക്കെ ഉപയോഗിച്ച് നമുക്ക് ഹെയർ ഡൈ ഉണ്ടാക്കാൻ കഴിയും.

തയ്യാറാക്കുന്ന വിധം

ഒരു ചട്ടിയെടുത്ത് അടുപ്പിൽ വയ്ക്കുക. ഇതിലേക്ക് കറിവേപ്പിലയെടുത്ത് നന്നായി ഉണക്കിയെടുക്കുക. കരിഞ്ഞുപോകരുത്. ചൂടാറിയ ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കുക. ഇനി പഴയൊരു ഇരുമ്പ് ചീനച്ചട്ടിയെടുക്കുക (ചെറുതായി തുരുമ്പ് പിടിച്ച ചീനച്ചട്ടിയാണ് നല്ലത്).

ചീനച്ചട്ടിയിലേക്ക് കറിവേപ്പില പൊടിച്ചത് ഇട്ടുകൊടുക്കാം. ഇതിലേക്ക് കുറച്ച് ചിരട്ടക്കരിയും പൊടിച്ച് ചേർക്കുക. ഇതിലേക്ക് തൈരോ കഞ്ഞിവേള്ളമോ ചേർക്കാം. കഞ്ഞിവെള്ളമാണ് ഉപയോഗിക്കുന്നതെങ്കിൽ തലേദിവസത്തേതാണ് ഉപയോഗിക്കേണ്ടത്. ഈ മിശ്രിതം നന്നായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി എട്ട് മണിക്കൂറെങ്കിലും അടച്ചുവയ്ക്കാം. പിറ്റേന്ന് ഇത് മിക്സിയിലിട്ട് നന്നായൊന്ന് അരച്ചെടുക്കാം. ഇതിലേക്ക് നാരങ്ങാനീരും ചേർത്ത് തലയിൽ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം ഷാംപു ഉപയോഗിച്ച് തല കഴുകുക.


ഒറ്റ ഉപയോഗത്തിൽ പൂർണമായ റിസൽട്ട് പ്രതീക്ഷിക്കരുത്. ആഴ്ചയിൽ ഒരു തവണയെങ്കിലും ഇങ്ങനെ ചെയ്യണം. പതിയെ നരയെല്ലാം കറുത്ത് വരുന്നത് കാണാം.