

അയോദ്ധ്യയിലെ പ്രതിഷ്ഠാദിനമായ ജനുവരി ഇരുപത്തിരണ്ടിന് എല്ലാവരും രാമമന്ത്രം ജപിക്കണമെന്ന് കേരളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്ര. ഒരു തമിഴ് മാദ്ധ്യമമാണ് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് സംസാരിക്കുന്ന ചിത്രയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'എല്ലാവർക്കും എന്റെ നമസ്‌കാരം, അയോദ്ധ്യയിൽ ജനുവരി ഇരുപത്തിരണ്ടിന് പ്രതിഷ്ഠാദിനം നടക്കുമ്പോൾ ഉച്ചയ്ക്ക് 12.20ന് ശ്രീരാമ, ജയരാമ, ജയ ജയ രാമ എന്ന രാമമന്ത്രം ജപിച്ചുകൊണ്ടിരിക്കണം എല്ലാവരും. അതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാഭാഗത്തും തെളിയിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും പരിപൂർണമായി ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. ലോകാസമസ്ത സുഖിനോ ഭവന്തു.'- എന്നാണ് കെ എസ് ചിത്ര വീഡിയോയിൽ പറയുന്നത്.
അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം ദിവസങ്ങൾക്ക് മുമ്പ് ചിത്ര ഏറ്റുവാങ്ങിയിരുന്നു. നടൻ മോഹൻലാൽ, ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ അദ്ധ്യക്ഷയും രാജ്യസഭാ എംപിയുമായ പി ടി ഉഷ അടക്കമുള്ളവർക്കും നേരത്തെ അക്ഷതം ഏറ്റുവാങ്ങിയിരുന്നു.