flight

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോ‌ഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങുകൾ വൈകും. ന്യൂഡൽഹിയിൽ നിന്നും മണിപ്പൂരിലെ ഇംഫാലിലേക്ക് രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും സഞ്ചരിക്കുന്ന പ്രത്യേക ഇൻഡിഗോ വിമാനം വൈകിയതിനെ തുടർന്നാണിത്. തലസ്ഥാനത്തെ കനത്ത മൂടൽമഞ്ഞ് കാരണമാണ് വിമാനം വൈകിയത്.

കനത്ത മൂടൽമഞ്ഞ് കാരണം വിമാന സർവീസുകൾ വൈകിയെന്ന് ഇൻഡിഗോ സോഷ്യൽമീഡിയയിൽ അറിയിച്ചു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമാനവും വൈകിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഉച്ചയോടെ ഉദ്ഘാടനം നടത്തി മണിപ്പൂരിലെ പര്യടനം ഇന്ന് തന്നെ പൂർത്തിയാക്കാനായിരുന്നു കോൺഗ്രസ് ലക്ഷ്യമിട്ടത്. നാളെ നാഗാലാൻഡിലാണ് പര്യടനം നടത്താൻ തീരുമാനിച്ചത്.

67 ദിവസം നീളുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് ഇന്ന് മണിപ്പൂരിലെ തൗബാലിലാണ് തുടക്കം കുറിക്കുക. ഖോംഗ്ജോം യുദ്ധ സ്മാരകത്തിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഫ്ളാഗ് ഒഫ് ചെയ്യും. 15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ യാത്ര നീങ്ങും. മാർച്ച് 20നോ 21നോ യാത്ര മുംബയിൽ സമാപിക്കുമെന്നാണ് സൂചന. 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 6200 കിലോമീറ്ററാണ് യാത്ര. മണിപ്പൂർ, നാഗാലാൻഡ്, അസം, മേഘാലയ, പശ്ചിമബംഗാൾ, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ഛത്തീസ്ഗഡ്, ഉത്തർപ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്.