m-mukundan

കോഴിക്കോട്: എം ടി വാസുദേവൻ നായർക്ക് പിന്നാലെ കടുത്ത വിമർശനവുമായി സാഹിത്യകാരൻ എം മുകുന്ദൻ. കിരീടങ്ങൾ വാഴുന്ന കാലത്താണ് നാമിപ്പോഴുള്ളത്. ഇതിനിടയിൽ മനുഷ്യത്വത്തിന്റെ വില നമ്മൾ തിരിച്ചറിയണം. കിരീടത്തെക്കാൾ വലുതാണ് നമ്മുടെ ചോരയെന്നാണ് താൻ വിശ്വസിക്കുന്നതെന്നും എം മുകുന്ദൻ പറഞ്ഞു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒരു തുള്ളി ചോരയ്ക്കാണ് വിലയെങ്കിലും നിർഭാഗ്യവശാൽ കിരീടമാണ് ഇക്കാലത്ത് കൂടുതൽ ശക്തിയാർജിച്ചുവരുന്നത്. ചോരയുടെ പ്രാധാന്യം കുറഞ്ഞു കുറ‌ഞ്ഞു വരുന്നു. അതിനെക്കുറിച്ച് നമുക്ക് അവബോധം ഉണ്ടാകണം. ഒരു തുള്ളി ചോരയ്ക്ക് വേണ്ടി കിരീടം തെറിപ്പിക്കാൻ സാധിക്കുമെന്ന് നമ്മൾ തെളിയിക്കണം. നമ്മുടേത് ജനാധിപത്യ രാജ്യമാണ്. നമുക്ക് ആകെ ചെയ്യാൻ സാധിക്കുന്നത് വോട്ട് ചെയ്യുക എന്നതാണ്. വോട്ട് ചെയ്യുന്നതിന് മുൻപ് ചോരയുടെ പ്രാധാന്യം നമ്മൾ അടയാളപ്പെടുത്തണം. കിരീടം അപ്രസക്തമാണെന്ന് നമ്മൾ സ്ഥാപിക്കണം. അതിന് നമ്മുടെ മുന്നിലുള്ളത് തിരഞ്ഞെടുപ്പാണ്. അധികാരത്തിലിരിക്കുന്നവർ സിംഹാസനത്തിന്റെ രുചി അറിഞ്ഞവരാണ്. അവർ അവിടെനിന്ന് എഴുന്നേൽക്കില്ല. സിംഹാസനത്തിൽ ഇരിക്കുന്നവരോട് പറയാനുള്ളത് സിംഹാസനം ഒഴിയൂ എന്നാണ്. ജനങ്ങൾ വരുന്നുണ്ട്.'- എം മുകുന്ദൻ വേദിയിൽ വ്യക്തമാക്കി.

രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള അംഗീകൃതമാര്‍ഗമായി മാറിയെന്നായിരുന്നു എം ടി വാസുദേവൻ നായർ വിമർശിച്ചത്. കോഴിക്കോട്ട് ഡിസി ബുക്സ് സംഘടിപ്പിക്കുന്ന ഏഴാമത് സാഹിത്യോത്സവത്തിലെ ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിലായിരുന്നു എംടിയുടെ രൂക്ഷ വിമര്‍ശനം.

'രാഷ്ട്രീയത്തിലെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് വളരെക്കാലമായി. രാഷ്ട്രീയ പ്രവര്‍ത്തനം അധികാരത്തിലെത്താനുള്ള ഒരു അംഗീകൃതമാര്‍ഗമാണ്. എവിടെയും അധികാരമെന്നാല്‍ ആധിപത്യമോ സര്‍വധിപത്യമോ ആവാം.ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടി എന്ന അലംഭാവത്തില്‍ എത്തപ്പെട്ടവരുണ്ടാവാം.

ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്തമുള്ള സമൂഹമാക്കി മാറ്റാനുള്ള മഹാപ്രസ്ഥാനത്തിന്റെ തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരം എന്ന് വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാദ്ധ്യനും മഹാനായ നേതാവുമാകുന്നത്. നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകരും എന്ന പഴയ സങ്കല്‍പ്പത്തെ മാറ്റിയെടുക്കാനാണ് ഇഎംഎസ് എന്നും ശ്രമിച്ചത്. നേതൃ പൂജകളിലൊന്നും അദ്ദേഹത്തെ കാണാതിരുന്നതും അതുകൊണ്ട് തന്നെ.

റഷ്യന്‍ വിപ്ലവത്തില്‍ പങ്കെടുത്ത ജനാവലി ആള്‍ക്കൂട്ടമായിരുന്നു. ഈ ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭിപ്പിക്കാം. ആരാധകരാക്കാം.ഭരണാധികാരികൾ എറിയുന്ന ഔദാര്യ തുണ്ടുകളല്ല സ്വാതന്ത്ര്യം. തെറ്റുപറ്റിയാൽ സമ്മതിക്കുന്ന പതിവ് ഒരു മഹാരഥനും ഇവിടെയില്ല. ഇഎംഎസിന് കേരളത്തെക്കുറിച്ച് ഉത്കണ്ഠ ഉണ്ടായിരുന്നു'. എന്നായിരുന്നു എംടിയുടെ വാക്കുകൾ.

മന്ത്രി മുഹമ്മദ് റിയാസ്, സാഹിത്യകാരൻ സച്ചിതാനന്ദൻ, നർത്തകി മല്ലിക സാരാഭായ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു. എംടിയുടെ മുഖ്യപ്രഭാഷണം കഴിഞ്ഞയുടൻ മുഖ്യമന്ത്രി വേദിവിടുകയും ചെയ്തു.