
ലക്നൗ: തെറ്റായ വാർത്തകളും മറ്റും നൽകിയ മാദ്ധ്യമസ്ഥാപനത്തിനെതിരെ കോടതിയെ സമീപിച്ച് യുവാവ്. ഉത്തർപ്രദേശിലെ പ്രതാപ്ഗഢ് നിവാസിയായ പ്രതീക് സിൻഹ കോടതിയിൽ സമർപ്പിച്ച വിചിത്രമായ അപേക്ഷയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
മാദ്ധ്യമസ്ഥാപനത്തിനെ രണ്ട് മണിക്കൂർ അധിക്ഷേപിക്കാൻ അനുമതി വേണമെന്നാണ് യുവാവിന്റെ ആവശ്യം. ഭൂമി കയ്യേറ്റത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് യുവാവിനെതിരെ പത്രം വാർത്ത നൽകിയിരുന്നു. ലേഖനത്തെത്തുടർന്ന് ആളുകൾ മോശമായി കാണാൻ തുടങ്ങിയെന്നാണ് ഇയാളുടെ പരാതി.
പത്ര ഓഫീസിന് പുറത്ത് മൈക്ക് കെട്ടി, ചീത്തവിളിക്കാൻ അനുമതി നൽകണമെന്നാണ് യുവാവിന്റെ ആവശ്യം. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിനാണ് യുവാവ് കത്തയച്ചത്. ജനുവരി ഒമ്പതിന് യുവാവിന്റെ സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതിനുപിന്നാലെയാണ് പത്രത്തിൽ ഭൂമാഫിയ എന്നരീതിയിൽ വാർത്തവന്നത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് പ്രതീക് ആരോപിച്ചു. ജനുവരി പതിനഞ്ചിന് ഉച്ചയ്ക്ക് പന്ത്രണ്ടിന് ബ്യൂറോ ചീഫിനെയും റിപ്പോർട്ടറിനെയും ചീത്തവിളിക്കാൻ അനുവദിക്കണമെന്നും കത്തിൽ പറയുന്നു.