
സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യത്തിനും ഏറെ പ്രാധാന്യം നൽകുന്ന തലമുറയാണ് ഇന്നത്തേത്. സ്വന്തം ചർമ്മം എങ്ങനെയുള്ളതാണന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പരിപാലനം നൽകാൻ ഇന്ന് മിക്കവാറും പേരും ശ്രദ്ധിക്കാറുണ്ട്. ചർമ്മം സാധാരണയായി നാല് തരത്തിലാണുള്ളത്. നോർമൽ സ്‌കിൻ, ഓയിലി സ്‌കിൻ, ഡ്രൈ സ്‌കിൻ, സെൻസിറ്റീവ് സ്‌കിൻ. സ്വന്തം ചർമ്മം ഏത് തരത്തിലുള്ളതാണെന്ന് തിരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള പരിപാലനം നൽകിയില്ലെങ്കിൽ പണികിട്ടുമെന്നുറപ്പ്.
സാധാരണ ഒരു വ്യക്തി ചെയ്യുന്ന ചർമ്മ, സൗന്ദര്യ സംരക്ഷണമൊന്നും സെൻസിറ്റീവ് സ്‌കിൻ ഉള്ളയാൾക്ക് ചെയ്യാൻ സാധിക്കില്ല. അതിനാൽ തന്നെ സെൻസിറ്റീവ് സ്‌കിൻ പരിചരണത്തെക്കുറിച്ച് അറിയേണ്ടത് വളരെ പ്രധാനമാണ്. ജന്മനാ സെൻസിറ്റീവ് സ്‌കിൻ ഉള്ളവരും, പലരീതിയിലെ രാസവസ്തുക്കൾ ചർമ്മത്തിൽ ആഘാതമേറ്റ് സെൻസിറ്റീവ് ആകുന്നതുമുണ്ട്.
സെൻസിറ്റീവ് സ്‌കിൻ ഉള്ളവർ ആദ്യം ചെയ്യേണ്ടത് നല്ലതുപോലെ മുഖം വൃത്തിയാക്കുക എന്നതാണ്. ഏതെങ്കിലും എണ്ണയോ ഉരുക്ക് വെളിച്ചെണ്ണയോ രണ്ടോ മൂന്നോ തുള്ളി ഉപയോഗിച്ച് മുഖം മൃദുലമായി മസാജ് ചെയ്യണം. ശേഷം നല്ലൊരു ഫേസ്‌വാഷ് ഉപയോഗിച്ച് നന്നായി മുഖം കഴുകാം. പ്രകൃതിദത്തമായ വസ്‌തുക്കൾ ഉപയോഗിക്കുന്നവർ നന്നായി പൊടിച്ച പയറുപൊടി ഉപയോഗിച്ച് മുഖം കഴുകാവുന്നതാണ്. അധികം മുഖത്ത് ഉരയ്ക്കാതെ തന്നെ പയറുപൊടി കഴുകികളയണം. വീട്ടിൽതന്നെ പയർപൊടിച്ച് ഉപയോഗിക്കുന്നതാണ് നല്ലത്. ഏറെനാളത്തേയ്ക്ക് ഈ പൊടി ഉപയോഗിക്കാനും പാടില്ല.
അടുത്തതായി സെൻസിറ്റീവ് സ്‌കിൻ ഉള്ളവർ ഒരുപാട് കെമിക്കലുകൾ അടങ്ങിയ മോയിസ്‌ചറൈസറുകൾ ഒഴിവാക്കണം. ഇത്തരം സ്‌കിൻ ഉള്ളവർ ബേബി പ്രോഡക്‌ടുകൾ ഉപയോഗിക്കാം. സെൻസിറ്റീവ് സ്‌കിൻ ഉള്ളവർ സൺസ്‌ക്രീൻ തിരഞ്ഞെടുക്കുമ്പോൾ അധികം കെമിക്കലുകൾ ഇല്ലാത്തവ തന്നെ തിരഞ്ഞെടുക്കണം. അധികം വെയിൽ കൊള്ളാനും പാടില്ല.
ഫേസ്‌പാക്കുകൾ ഉപയോഗിക്കുമ്പോൾ സെൻസിറ്റീവ് സ്‌കിൻ ഉള്ളവർ അസിഡിക് വസ്തുക്കളോട് നോ പറയുന്നതാണ് ഉചിതം. നാരങ്ങ, വേപ്പ്, കറ്റാർവാഴ, തുളസി എന്നിവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. കറ്റാർവാഴ കറ കളഞ്ഞ് എടുത്തതും, തേനും പ്രകൃതിദത്ത മോയിസ്‌ചറൈസർ ആയി ഉപയോഗിക്കാവുന്നതാണ്.