devra

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കിടെ മഹാരാഷ്‌ട്രയിൽ കോൺഗ്രസിന് തിരിച്ചടിയായി മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മിലിന്ദ് ദേവ്‌റ പാർട്ടി വിട്ട് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയിൽ ചേർന്നു. ഒട്ടേറെ തവണ കേന്ദ്രമന്ത്രിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന, അന്തരിച്ച മുരളി ദേവ്റയുടെ മകനാണ് 47കാരനായ മിലിന്ദ്. രാഹുൽ ഗാന്ധിയുടെ ന്യായ യാത്ര തുടങ്ങിയ ഇന്നലെ തന്നെ മിലിന്ദ് പാർട്ടി വിട്ടതും കോൺഗ്രസിനെ ഞെട്ടിച്ചു.

കോൺഗ്രസിൽ നിന്ന് രാജിവയ്ക്കുകയാണെന്നും തന്റെ കുടുംബത്തിന്റെ 55 വർഷം നീണ്ട കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. കോൺഗ്രസിനെ നിശിതമായിവിമർശിക്കുകയും ചെയ്‌തു.

മിലിന്ദിന് പിന്നാലെ സംസ്ഥാനത്തെ പത്തോളം കോൺഗ്രസ് നേതാക്കളും പാർട്ടി വിടുമെന്ന് റിപ്പോർട്ടുണ്ട്.

അതസമയം, രാഹുലിന്റെ ജോഡോ ന്യായ യാത്രയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി. ജെ. പി ആസൂത്രണം ചെയ്‌തതാണ് മിലിന്ദിന്റെ രാജിയെന്ന് കോൺഗ്രസ് പ്രതികരിച്ചു. രാജി പ്രഖ്യാപിക്കാനുള്ള സമയം തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നും പറഞ്ഞു. മിലിന്ദിനെ വിമർശിച്ച് ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്തും രംഗത്തെത്തി. അധികാരം മാത്രമായി രാഷ്ട്രീയം മാറിയെന്ന് അദ്ദേഹം പറഞ്ഞു.

പ്രശ്‌നം ദക്ഷിണ മുംബയ് സീറ്റ്
ദക്ഷിണ മുംബയ് ലോക്‌സഭാ സീറ്റ് കൈവിട്ടുപോകുമെന്ന ആശങ്കയാണ് മിലിന്ദിനെ കോൺഗ്രസ് വിടാൻ പ്രേരിപ്പിച്ച ഒരു കാരണം. മുരളി ദേവ്റയുടെ ശക്തിദുർഗമായിരുന്ന സീറ്റ് അദ്ദേഹത്തിന്റെ മരണത്തോടെയാണ് മിലിന്ദിന്റെ കൈയിലെത്തിയത്. 2004ലും 2009ലും ഇവിടെ ജയിച്ച മിലിന്ദിന് 2014ലും 2019ലും മോദി തരംഗത്തിൽ അടിതെറ്റി. മുബയ് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവച്ചാണ് 2019ൽ സീറ്റ് തിരിച്ചുപിടിക്കാൻ പൊരുതിയത്. രണ്ട് തവണയും ബി. ജെ. പിയുമായി സഖ്യത്തിലായിരുന്ന അവിഭക്ത ശിവസേനയിലെ അരവിന്ദ് സാവന്തിനോട് തോറ്റു. ഇപ്പോൾ കോൺഗ്രസിന്റെ സഖ്യകക്ഷിയായ ഉദ്ധവ് സേനാ പക്ഷത്താണ് അരവിന്ദ് സാവന്ത്. സീറ്റ് കോൺഗ്രസിൽ നിലനിറുത്തണമെന്ന് മിലിന്ദ് ആഗ്രഹിച്ചെങ്കിലും ഉദ്ധവ് പക്ഷം സീറ്റ് വിട്ടുതരില്ലെന്ന് അറിയിച്ചു. രണ്ട് തവണ ശിവസേന ഇവിടെ ജയിച്ചതിനാലാണ് സീറ്റ് തനിക്കു കിട്ടുമെന്ന

പ്രതീക്ഷയിൽ ഷിൻഡെ പക്ഷത്തേക്ക് പോയത്. എന്നാലും സീറ്റ് മിലിന്ദിന് കിട്ടുമെന്ന് ഉറപ്പില്ല. ബി.ജെ.പി എടുത്തേക്കുമെന്ന് റിപ്പോർട്ടുണ്ട്. സ്പീക്കർ രാഹുൽ നർവേക്കർ, മന്ത്രി മംഗൾപ്രഭാത് ലോധ തുടങ്ങിയവരുടെ പേരുകൾ ചർച്ചയിലുണ്ട്.

കോൺഗ്രസിനെ ആഞ്ഞടിച്ച് മിലിന്ദ്

മുപ്പത് വർഷം മുമ്പ് സാമ്പത്തിക പരിഷ്‌കരണത്തിന് തുടക്കമിട്ട കോൺഗ്രസ് ഇപ്പോൾ വ്യവസായികളെ ദേശവിരുദ്ധർ എന്ന് വിളിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിർക്കുന്നതിൽ മാത്രമാണ് കോൺഗ്രസിന് ശ്രദ്ധ.

പൊളിഞ്ഞ രാഹുൽ ബ്രിഗേഡ്

ജ്യോതിരാദിത്യ സിന്ധ്യ, ആർ.പി.എൻ സിംഗ്, ജിതിൻ പ്രസാദ്, സച്ചിൻ പൈലറ്റ് എന്നിവർക്കൊപ്പം രാഹുൽ ഗാന്ധിയുടെ ടീമിൽ അംഗമായിരുന്നു മിലിന്ദ്. സച്ചിൻ പൈലറ്റ് ഒഴികെ എല്ലാവരും കോൺഗ്രസ് വിട്ടു.