death

ന്യൂഡൽഹി: തണുപ്പകറ്റാൻ കൽക്കരി കത്തിച്ചതിനെ തുടർന്നുണ്ടായ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ന്യൂഡൽഹിയിലെ അലിപൂരിലാണ് സംഭവം. അതിശൈത്യത്തെ തുടർന്ന് വീടിനുളളിൽ കൽക്കരി കത്തിച്ചുവച്ചാണ് കുടുംബത്തിലുളളവർ കിടന്നുറങ്ങിയത്. സംഭവത്തിൽ രാകേഷ് (40), ഭാര്യ ലളിത (38), ഇവരുടെ മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്. നാല് പേരുടെയും മൃതദേഹങ്ങൾ ഒരേ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

രാജ്യതലസ്ഥാനത്ത് അതിശൈത്യത്തിൽ ഗതാഗത സംവിധാനങ്ങളിലും തകരാറുണ്ടായി. നിരവധി വിമാനങ്ങളുടെ സർവീസുകളും വൈകി. ന്യൂഡൽഹിയിൽ എത്തേണ്ടിയിരുന്ന ഏഴ് വിമാനങ്ങൾ ജയ്പൂരിലേക്കും ഒരു വിമാനം മുംബയിലേക്കും വഴി തിരിച്ചുവിട്ടു. നോർത്തേൺ റെയിൽവേയുടെ 22 ട്രെയിനുകൾ വൈകിയാണ് സർവീസ് നടത്തിയത്.

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഭാരത് ജോ‌ഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും സഞ്ചരിച്ച ഇൻഡിഗോയുടെ പ്രത്യേക വിമാനം വൈകിയാണ് സർവീസ് നടത്തിയത്. ന്യൂഡൽഹിയിൽ നിന്നും മണിപ്പൂരിലെ ഇംഫാലിലേക്കായിരുന്നു വിമാനം സർവീസ് നടത്തിയത്. ശൈത്യം അതിരൂക്ഷമായി തുടരുന്നതിനിടെ കാലാവസ്ഥാ കേന്ദ്രം ന്യൂഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആയ നഗറിൽ കഴിഞ്ഞ ദിവസം രാവിലെ മൂന്ന് ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. ദേശീയ തലസ്ഥാന മേഖലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചു.