
തിരുവനന്തപുരം: കേരള വെറ്ററിനറി സർവകലാശാലയുടെ കീഴിലുള്ള ഡെയറി സയൻസ് കോളേജുകളിൽ 26 അദ്ധ്യാപകർ മാത്രമേയുള്ളൂവെന്നും ഈ അവസ്ഥയിൽ കോളേജുകളുടെ അംഗീകാരം റദ്ദാക്കപ്പെടുമെന്നതിനാലാണ് 69 തസ്തികകൾ സൃഷ്ടിച്ച് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോയതെന്നും സർവകലാശാല അറിയിച്ചു.
വെറ്ററിനറി കോളേജുകളിൽ വെറ്ററിനറി കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരം ലഭിക്കാത്തതിന്
അദ്ധ്യാപകരുടെ അപര്യാപ്തത കാരണമായിട്ടുണ്ട്.
വിവിധ ഡെയറി, ഫുഡ് ടെക്‌നോളജി കോളേജുകളിൽ രൂക്ഷമായ അദ്ധ്യാപകക്ഷാമം നിലനിൽക്കുന്നത് സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ അക്രെഡിറ്റേഷന് തടസമാണെന്ന് കണ്ടതിനാലാണ് സർക്കാർ ഈ കോളേജുകളിലേക്ക് 69 പുതിയ അദ്ധ്യാപക തസ്തികകൾ അനുവദിച്ചത്.
യു.ജി.സി സർവകലാശാലകളിലെ അദ്ധ്യാപക നിയമനങ്ങൾക്കായി ഇറക്കിയ മിനിമം യോഗ്യതകൾ സംബന്ധിച്ച ഉത്തരവുകൾ പാലിച്ചുകൊണ്ടാണ് നിയമങ്ങൾക്കായുള്ള സ്‌കോർ കാർഡും അഭിമുഖത്തിനുള്ള മാർക്കുകളും സർവകലാശാല അംഗീകരിച്ചിട്ടുള്ളത്. എല്ലാ വിഷയങ്ങൾക്കും നെറ്റ് യോഗ്യത നിർബന്ധമാക്കിയിട്ടുണ്ട്. എന്നാൽ ഇലക്ട്രിക്കൽ, കമ്പ്യൂട്ടർ സയൻസ് വിഷയങ്ങൾക്ക് പരീക്ഷ നടത്താത്ത സാഹചര്യത്തിലാണ് നെറ്റ് യോഗ്യത ലഭ്യമല്ലാത്ത വിഷയങ്ങളിൽ നിർബന്ധിക്കേണ്ടതില്ലെന്ന് അക്കാഡമി കൗൺസിൽ നിർദ്ദേശിച്ചതെന്നും ഡെയറി ബിസിനസ് മാനേജ്‌മെന്റിൽ ഇതിനോടകം തന്നെ സർവകലാശാല നിയമനം നടത്തിയിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ പറയുന്നു.