
ഓരോ ദിനം കൂടുമ്പോഴും യുട്യൂബേഴ്സിന്റെ എണ്ണം കുത്തനെ ഉയരുകയാണ്. അതുപോലെത്തന്നെ കാഴ്ചക്കാരുടെ എണ്ണവും കുതിച്ചുയരുന്നുണ്ട്. ഇന്ന് ഭക്ഷണം പാചകം ചെയ്യുന്നത് പഠിക്കാനും സാരിയുടുക്കാൻ പഠിക്കാനുമൊക്കെ ആളുകൾ യുട്യൂബ് ആണ് ഉപയോഗിക്കുന്നത്. എന്നാൽ വീഡിയോയ്ക്കിടയിലുള്ള പരസ്യം നമ്മളെ അലോസരപ്പെടുത്താറുണ്ട്.
യുട്യൂബ് പ്രീമിയം വരിക്കാർക്ക് പരസ്യങ്ങൾ ഇല്ലാതെ വീഡിയോ കാണാൻ സാധിക്കും. പരസ്യങ്ങളിൽ നിന്നാണ് യൂട്യൂബിന്റെ വരുമാനം. പ്രീമിയം വരിക്കാരല്ലാത്ത ചിലർ പരസ്യം കാണാതിരിക്കാനായി ആഡ് ബ്ലോക്ക് ആപ്പ് ബ്ലോക്കറുകൾ ഉപയോഗിക്കാറുണ്ട്.
ആഡ് ബ്ലോക്കറുകൾക്കെതിരെ നടപടി കടുപ്പിച്ചിരിക്കുകയാണ് യൂട്യൂബ് ഇപ്പോൾ. ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നവർക്ക് മൂന്ന് വീഡിയോകൾ വരെ മാത്രമേ പരമാവധി കാണാൻ സാധിക്കുകയുള്ളൂ.ഈ നിയന്ത്രണം കൂടുതൽ ഉപയോക്താക്കളിലേക്ക് വ്യാപിപ്പിക്കുകയാണ് യൂട്യൂബ്.
ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കുന്നത് യൂട്യൂബ് വ്യവസ്ഥകളുടെ ലംഘനമാണെന്നും വീഡിയോ കാണണമെങ്കിൽ ആഡ് ബ്ലോക്കറുകൾ ഉപയോഗിക്കരുതെന്നും യൂട്യൂബ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോൾ യൂട്യൂബ് വീഡിയോകൾ ഹാംഗ് ആക്കുന്നുണ്ടെന്ന് ചില ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.