
ഇംഫാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കടുത്ത വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദി സർക്കാർ മണിപ്പൂരിലെ ജനങ്ങളോട് അനീതി കാട്ടിയെന്നും വിദ്വേഷം പരത്തിയെന്നും അദ്ദേഹം പറഞ്ഞു.
' മോദി ഇതുവരെ മണിപ്പൂരിലെത്തിയില്ല. മണിപ്പൂരിന്റെ മുക്കിലും മൂലയിലും വിദ്വേഷം പടത്തി. മണിപ്പൂരിന്റെ വേദന പ്രധാനമന്ത്രിയുടെ വേദന അല്ല. അപമാനകരമായ കാര്യമാണിത്. യാത്ര എവിടെ നിന്ന് തുടങ്ങണമെന്ന ആലോചന പാർട്ടിയിലുണ്ടായി. മണിപ്പൂരിൽ നിന്ന് തന്നെ തുടങ്ങണമെന്ന് ഞാനാണ് പറഞ്ഞത്. അനീതിക്കെതിരെയാണ് ജോഡോ യാത്ര. മണിപ്പൂരിലെ ജനങ്ങളോട് മോദി സർക്കാർ അനീതി കാട്ടി. രാജ്യത്തെ ജനങ്ങളോടും അനീതി കാട്ടി. ജനങ്ങളുടെ വേദന അറിയാനാണ് ഞങ്ങളുടെ യാത്ര. ജനങ്ങളുടെ ശബ്‌ദം കേട്ട് അത് ഞങ്ങൾ രാജ്യത്തെ അറിയിക്കും.'- രാഹുൽ ഗാന്ധി പറഞ്ഞു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഉച്ചയോടെയാണ് മണിപ്പൂരിൽ നിന്നും ആരംഭിച്ചത്. തൗബാലിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് ഔദ്യോഗികമായി തുടക്കം കുറിച്ചത്. ന്യൂഡൽഹിയിൽ നിന്നും പ്രത്യേക ഇൻഡിഗോ വിമാനത്തിലെത്തിയ രാഹുൽ ഗാന്ധിയും നേതാക്കളും തൗബാലിലെ ഖാൻജോം യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പരിപാടി ആരംഭിച്ചത്.
66 ദിവസം നീളുന്ന യാത്ര പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകും. ഇന്ത്യയുടെ കിഴക്ക് മുതൽ പടിഞ്ഞാറ് വരെയാണ് രാഹുൽ ഗാന്ധി യാത്ര നടത്തുക. സിപിഐ, സിപിഎം, ജെഡി(യു), എഎപി, തൃണമൂൽ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്, ശിവസേന (ഉദ്ധവ് വിഭാഗം), എൻസിപി തുടങ്ങിയ ‘ഇന്ത്യ’ മുന്നണിയിലെ പാർട്ടികളുടെ നേതാക്കളും ഫ്ലാഗ് ഓഫ് ചടങ്ങിനെത്തി.
രാഹുൽ ഗാന്ധിക്കൊപ്പം മല്ലികാർജുൻ ഖർഗെ, മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, എ രേവന്ത് റെഡ്ഡി, സുഖ്‌വിന്ദർ സിംഗ് സുഖു, പ്രവർത്തക സമിതിയംഗങ്ങൾ, നിയമസഭാ കക്ഷി നേതാക്കൾ തുടങ്ങിയവരടക്കം കോൺഗ്രസിന്റെ പ്രധാന നേതാക്കൾ യാത്രയിൽ അണിനിരക്കുന്നുണ്ട്. സുരക്ഷാകാരണങ്ങളാൽ സോണിയ ഗാന്ധി ചടങ്ങിൽ പങ്കെടുത്തില്ല.