
കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ സ്ത്രീ പ്രാതിനിധ്യം കൂട്ടണമെന്ന് സി പി എം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ കെകെ ശൈലജ. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സംസാരിക്കുകയായിരുന്നു അവർ.
തിരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിധ്യം കൊടുക്കണമെന്ന ധാരണ എൽ ഡി എഫിൽ ഉണ്ടെന്നും ശൈലജ വ്യക്തമാക്കി. കാലങ്ങളായി പിന്തള്ളപ്പെട്ട വിഭാഗമാണ് സ്ത്രീകൾ. അവരെ മുന്നിലേക്ക് കൊണ്ടുവരാൻ എൽഡിഎഫിന്റെ ആശയം സഹായിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.
സ്ത്രീകൾ മുഖ്യമന്ത്രിയാകുന്നതിൽ തടസമില്ലെന്നും എന്നാൽ നിലവിലെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവർ കൂട്ടിച്ചേർത്തു.മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് വളരെ കാര്യക്ഷമമായിട്ടാണ്. നവകേരളം സൃഷ്ടിക്കാൻ ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും ശൈലജ പറഞ്ഞു.
മാദ്ധ്യമങ്ങളെ സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്ന ആരോപണം ശരിയല്ലെന്നും ശൈലജ പറഞ്ഞു. നിപ, കൊവിഡ് കാലങ്ങളിൽ മാദ്ധ്യമങ്ങൾ മികച്ച രീതിയിൽ സർക്കാരുമായി സഹകരിച്ചെന്നും അവർ കൂട്ടിച്ചേർത്തു.