
ന്യൂഡൽഹി: ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യവുമായി മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു വീണ്ടും. മാർച്ച് 15-നകം മാലദ്വീപിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്നാണ് പ്രസിഡന്റിന്റെയും സർക്കാരിന്റെയും ആവശ്യം. സർക്കാരിന്റെ കണക്കുകൾ പ്രകാരം നിലവിൽ 88 ഇന്ത്യൻ സൈനികരാണ് മാലദ്വീപിലുള്ളത്.
ഇന്ത്യൻ സൈന്യത്തിന് മാലദ്വീപിൽ തുടരാനാവില്ല. ഇത് പ്രസിഡന്റ് മൊഹമ്മദ് മൊയ്സുവിന്റെയും സർക്കാരിന്റെയും നയമാണെന്ന് മാലദ്വീപ് പ്രസിഡന്റ് ഓഫീസ് പബ്ലിക് പോളിസി സെക്രട്ടറി അബ്ദുല്ല നാസിം ഇബ്രാഹിം പറഞ്ഞതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ടൂറിസത്തെച്ചൊല്ലി മാലദ്വീപും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരുന്നു. ഇതിനിടെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ചൈനയിൽ സന്ദർശനം നടത്തിയിരുന്നു. അഞ്ച് ദിവസം നീണ്ട ചൈനാ സന്ദർശനത്തിന് പിന്നാലെയാണ് മാലദ്വീപ് നിലപാട് കടുപ്പിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പിൽ 'ഇന്ത്യ ഔട്ട്' എന്ന മുദ്രാവാക്യമുയർത്തിയാണ് മൊഹമ്മദ് മൊയ്സു അധികാരത്തിൽ എത്തിയത്.