
കേരളം ഒന്നാം ഇന്നിംഗ്സിൽ 419
മൂന്നാം ദിനം അസാം 231/7
അസാം നായകൻ റിയാൻ പരാഗിന് (116)സെഞ്ച്വറി
ഗോഹട്ടി : അസാമിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന്റെ മൂന്നാം ദിനം മേൽക്കൈ നിലനിറുത്തി കേരളം. കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 419 റൺസിനെതിരെ 14/2 എന്ന നിലയിൽ ഇന്നലെ ബാറ്റിംഗ് പുനരാരംഭിക്കാനെത്തിയ അസാം സ്റ്റംപെടുക്കുമ്പോൾ 231/7 എന്ന നിലയിലാണ്. 188 റൺസ് ലീഡിലാണ് ഇപ്പോൾ കേരളം. നായകൻ റിയാൻ പരാഗിന്റെ (116) ഒറ്റയാൻ പോരാട്ടമാണ് വലിയ തകർച്ചയിൽ നിന്ന് അസാമിനെ രക്ഷപെടുത്തിയത്. നാലുവിക്കറ്റ് വീഴ്ത്തിയ ബേസിൽ തമ്പിയും രണ്ട് വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും ഒരു വിക്കറ്റ് വീഴ്ത്തിയ സുരേഷ് വിശ്വേശ്വറും ചേർന്നാണ് അസാമിനെ വരിഞ്ഞുമുറുക്കിയത്.
ഇന്നലെ രാവിലെ സുമിത് ഗാഡിഗോക്കറെ (4) കീപ്പർ വിഷ്ണു വിനോദിന്റെ കയ്യിലെത്തിച്ച് ബേസിൽ തമ്പി അസാമിന് പ്രഹരമേൽപ്പിച്ചിരുന്നു. ഇതോടെ ആതിഥേയർ 25/3 എന്ന നിലയിലായി. തുടർന്ന് ക്രീസിലെത്തിയ റിയാൻ പരാഗ് ഓപ്പണർ റിഷവ് ദാസി(31)നാെപ്പം പിടിച്ചുനിന്നു. 91 റൺസാണ് ഇവർ നാലാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. ടീം സ്കോർ 116ൽ വച്ച് റിഷവിനെ ബൗൾഡാക്കി ബേസിൽ തന്നെയാണ് സഖ്യം പൊളിച്ചത്. തുടർന്ന് റിയാൻ ഒരറ്റത്ത് പൊരുതിനിന്ന് പതിയെ സ്കോർ ബോർഡ് ഉയർത്തിക്കൊണ്ടിരുന്നു. ഇതിനിടയിൽ ഗോകുൽ ശർമ്മയെ ടീം സ്കോർ 168ൽ വച്ച് ജലജിന്റെ പന്തിൽ വിഷ്ണു വിനോദ് സ്റ്റംപ് ചെയ്തുവിട്ടു. ടീം സ്കോർ 190ൽ വച്ചാണ് റിയാൻ മങ്ങിയത്. സുരേഷിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു അസാം നായകൻ. 205ലത്തിയപ്പോൾ സാഹിൽ ജെയ്നിനെയും (17) ബേസിൽ മടക്കി അയച്ചു. കളിനിറുത്തുമ്പോൾ 11 റൺസുമായി ആകാശ് സെൻ ഗുപ്തയും 19 റൺസുമായി മുക്താർ ഹുസൈനുമാണ് ക്രീസിൽ.
അവസാനദിവസമായ ഇന്ന് മത്സരം സമനിലയിൽ കലാശിക്കാനാണ് സാദ്ധ്യത. ലീഡോടെ സമനില നില നേടി കൂടുതൽ പോയിന്റ് സ്വന്തമാക്കുക എന്ന ലക്ഷ്യവുമായാണ് കേരളം ഇറങ്ങുക.
റിയാൻ ഒറ്റയ്ക്ക് പൊരുതി
25/3 എന്ന നിലയിലാണ് റിയാൻ പരാഗ് ക്രീസിലെത്തിയത്. 190/6 എന്ന നിലയിലെത്തിച്ചാണ് പുറത്തായത്.
ഇതിനിടയിൽ ടീം നേടിയ 165 റൺസിൽ 116 റൺസും പിറന്നത് റിയാന്റെ ബാറ്റിൽ നിന്ന്.
125 പന്തുകൾ നേരിട്ട അസാം നായകൻ 16 ഫോറുകളും മൂന്ന് സിക്സുകളും പറത്തി.