fixed

കൊച്ചി: വിപണിയിൽ പണലഭ്യത ഗണ്യമായി കുറഞ്ഞതോടെ സ്ഥിര നിക്ഷേപങ്ങൾ ആകർഷിക്കാൻ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും മത്സരം ശക്തമാക്കുന്നു. നിക്ഷേപങ്ങൾ സുരക്ഷിതമാണെന്നതും മികച്ച വരുമാനം നേടാൻ കഴിയുന്നതുമാണ് ഫിക്സഡ് ഡെപ്പോസിറ്റുകളിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ റിസർവ് ബാങ്ക് മുഖ്യ നിരക്കായ റിപ്പോ രണ്ടര ശതമാനം വർദ്ധിപ്പിച്ചതോടെ സ്ഥിര നിക്ഷേപങ്ങൾക്ക് പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പലിശയാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും വാഗ്ദാനം ചെയ്യുന്നത്.

സാമ്പത്തിക മേഖലയിലെ മികച്ച വളർച്ച മൂലം രാജ്യത്ത് വായ്പാ ആവശ്യം ഗണ്യമായി കൂടുന്നതാണ് നിക്ഷേപ സമാഹരണത്തിന് കൂടുതൽ ഉൗന്നൽ നൽകാൻ ബാങ്കുകളെ പ്രേരിപ്പിക്കുന്നത്. നവംബർ മുതൽ ഡിസംബർ വരെയുള്ള മൂന്ന് മാസത്തിൽ ബാങ്കുകളുടെ സ്ഥിര നിക്ഷേപ സമാഹരണത്തിൽ മികച്ച വളർച്ചയാണ് ദൃശ്യമായത്. ഇക്കാലയളവിൽ മൊത്തം നിക്ഷേപങ്ങൾ 13.4 ശതമാനം ഉയർന്ന് 198.8 ലക്ഷം കോടി രൂപയിലെത്തി. അതേസമയം മൊത്തം വായ്പാ വിതരണത്തിൽ ഒക്ടോബർ-ഡിസംബർ കാലയളവിൽ 20.8 ശതമാനം വളർച്ചയുണ്ടായതിനാലാണ് വിപണിയിൽ നിന്നും കൂടുതൽ നിക്ഷേപങ്ങൾ സമാഹരിക്കാൻ ബാങ്കുകൾ ശ്രമിക്കുന്നത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെ പ്രമുഖ, സ്വകാര്യ ബാങ്കുകൾ വിവിധ കാലാവധികളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മുതിർന്ന പൗരന്മാർക്ക് നിലവിൽ 7.75 ശതമാനം വരെ പലിശ ചില ബാങ്കുകൾ നൽകുന്നുണ്ട്. ബാങ്ക് ഒഫ് ബറോഡ, ആക്സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, യൂണിയൻ ബാങ്ക്, എസ്.ബി.ഐ തുടങ്ങിയവയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും മികച്ച വരുമാനമാണ് വാഗ്ദാനം ചെയ്യുന്നത്.