ജീവകാരുണ്യ വ്യോമസർവീസുകൾ തുടരാൻ ഇന്ത്യ
മാലെ : മാലദ്വീപിലെ ഇന്ത്യൻ സൈനികരെ മാർച്ച് 15നകം പിൻവലിക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു ആവശ്യപ്പെട്ടു. ചൈനീസ് അനുഭാവിയായ മുയിസു നവംബറിൽ ചുമതലയേറ്റതിന് പിന്നാലെ സൈനികരെ പിൻവലിക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്നലെയാണ് സമയപരിധി പ്രഖ്യാപിച്ചത്.
ഇന്ത്യൻ സൈനികരെ പുറത്താക്കുമെന്നത് മുയിസുവിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനവുമായിരുന്നു.
നിലവിൽ 70 ഇന്ത്യൻ സൈനികരും ഒരു ഡോർണിയർ പട്രോളിംഗ് വിമാനവും
രണ്ട് ധ്രുവ് ഹെലികോപ്റ്ററുകളും മാലദ്വീപിലുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മൂന്ന് മാലദ്വീപ് മന്ത്രിമാർ അധിക്ഷേപിച്ചതിന്റെ രോഷം പുകയുന്നതിനിടെ കഴിഞ്ഞയാഴ്ച മുയിസു ചൈനയിലെത്തി പ്രസിഡന്റ് ഷീ ജിൻ പിങുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചൈനയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ സമയപരിധി പ്രഖ്യാപിച്ചതെന്നത് ശ്രദ്ധേയമാണ്.
അതേസമയം, ഇരുകൂട്ടർക്കും സ്വീകാര്യമായ മാർഗ്ഗങ്ങൾ ആവിഷ്കരിക്കുമെന്ന് ഇന്ത്യൻ വിദേശ മന്ത്രാലയം പ്രതികരിച്ചു. മാലദ്വീപിലെ ജനങ്ങൾക്ക് ജീവകാരുണ്യ, മെഡിക്കൽ സേവനങ്ങൾ എത്തിക്കാനുള്ള ഇന്ത്യയുടെ വ്യോമ സർവീസുകൾ തുടരാനുള്ള മാർഗ്ഗങ്ങൾ ആവിഷ്കരിക്കുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.
തങ്ങൾ ചെറുതാണെങ്കിലും ഭീഷണിപ്പെടുത്താനുള്ള അധികാരം ആർക്കും നൽകിയിട്ടില്ലെന്ന് ഇന്ത്യയുടെ പേരെടുത്ത് പറയാതെ മുയിസു വിമർശിച്ചിരുന്നു.
മോദിയേയും ലക്ഷദ്വീപിനെയും ഉന്നമിട്ടുള്ള മന്ത്രിമാരുടെ വിവാദ പ്രസ്താവനകൾക്ക് പിന്നാലെ ഇന്ത്യക്കാർ കൂട്ടത്തോടെ മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കിയിരുന്നു. വിവാദത്തെ തുടർന്ന് മൂന്ന് മന്ത്രിമാരെയും സസ്പെൻഡ് ചെയ്യാൻ മാലദ്വീപ് ഭരണകൂടം നിർബന്ധിതമായിരുന്നു.
ചൈനയുമായി 5 കോടി ഡോളറിന്റെ ടൂറിസം പദ്ധതി
ചൈനാ സന്ദർശനത്തിനിടെ ഒപ്പിട്ട 5 കോടി ഡോളറിന്റെ ടൂറിസം പദ്ധതി, 13 കോടി ഡോളർ സാമ്പത്തിക സഹായം എന്നിവയുടെ ബലത്തിലാണ് ഇന്ത്യക്കെതിരെയുള്ള മുയിസുവിന്റെ നിഷേധാത്മകമായ നീക്കം. മാലദ്വീപിലേക്ക് കൂടുതൽ സഞ്ചാരികളെ അയയ്‌ക്കണമെന്ന് ചൈനയോട് മുയിസു അഭ്യർത്ഥിച്ചിരുന്നു.
20ഓളം കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പിട്ടു. ടൂറിസത്തെ ആശ്രയിക്കുന്ന മാലദ്വീപിന്റെ സമ്പദ്‌വ്യവസ്ഥയുടെ നല്ലൊരു ഭാഗം ഇന്ത്യൻ സഞ്ചാരികളിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ്. മാലദ്വീപിലെ പ്രതിപക്ഷ പാർട്ടികളും ടൂറിസം സംഘടനകളുമടക്കം ഇന്ത്യക്കാരോട് ക്ഷമാപണം നടത്തിയിരുന്നു.
അതിനിടെ ഇന്ത്യ - മാലദ്വീപ് ഉന്നത തല കോർഗ്രൂപ്പിന്റെ ആദ്യ യോഗം ഇന്നലെ മാലെയിൽ നടന്നു. ഉഭയകക്ഷി സഹകരണം ശക്തമാക്കാനും നിലവിലുള്ള വികസന പദ്ധതികൾ അതിവേഗം നടപ്പാക്കാനും ഇരുപക്ഷവും ധാരണയായെന്ന് വിദേശ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു.