shaun-marsh

മെൽബൺ: പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരം ഷോൺ മാർഷ്. അന്താരാഷ്ട്ര കരിയർ നേരത്തേ അവസാനിപ്പിച്ച ഷോൺ ഇപ്പോൾ ബിഗ് ബാഷ് ലീഗിൽ മെൽബൺ റെനെഗേഡ്‌സിനായാണ് കളിക്കുന്നത്. ബുധനാഴ്ച സിഡ്‌നി തണ്ടറിനെതിരേ നടക്കുന്ന മത്സരത്തോടെയാണ് ഷോൺ വിരമിക്കുന്നത്. പരിക്കിനെ തുടർന്ന് ലീഗിലെആദ്യ മത്സരങ്ങൾ നഷ്ടമായ മാർഷ് ഈ സീസണിൽ ഇതുവരെ അഞ്ച് മത്സരങ്ങളിൽ നിന്നായി 45.25 ശരാശരിയിൽ മൂന്ന് അർദ്ധസെഞ്ച്വറികൾ ഉൾപ്പടെ 181 റൺസെടുത്തിട്ടുണ്ട്.

മുൻ ഓസ്ട്രേലിയൻ താരം ജെഫ് മാർഷിന്റെ മകനാണ് ഷോൺ. ഇപ്പോൾ ഓസ്ട്രേലിയ്ക്ക് വേണ്ടി കളിക്കുന്ന മിച്ചൽ മാർഷ് സഹോദരനാണ്.

ഐ.പി.എല്ലിലും മികച്ച പ്രകടനം നടത്തിയ താരമാണ് 40-കാരനായ മാർഷ്. 2008-ലെ ആദ്യ ഐ.പി.എൽ സീസണിൽ പഞ്ചാബ് കിംഗ്സ് ഇലവനുവേണ്ടി 616 റൺസടിച്ച് ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത് മാർഷായിരുന്നു.

ഐ.പി.എല്ലിൽ 71 മത്സരങ്ങളിൽ നിന്നായി 39.95 ശരാശരിയിൽ 2477 റൺസ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 20 അർദ്ധ സെഞ്ച്വറികളുമടക്കമാണിത്.

ഓസ്‌ട്രേലിയക്കായി 38 ടെസ്റ്റിൽ നിന്ന് ആറ് സെഞ്ച്വറിയടക്കം 2265 റൺസും 73 ഏകദിനങ്ങളിൽ നിന്ന് ഏഴ് സെഞ്ച്വറിയടക്കം 2773 റൺസും 15 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് 255 റൺസും നേടിയിട്ടുണ്ട്.