
പനാജി: നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ സുചന സേത്ത് ഭർത്താവുമായി തർക്കിച്ചെന്ന് ഗോവ പൊലീസ്. ഭർത്താവ് വെങ്കട്ട് രാമനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴാണ് 15 മിനിട്ടോളം സൂചന തർക്കിച്ചത്.
വെങ്കട്ട് രാമൻ സുചന സേത്തിനോട് എന്തിനാണ് അവരുടെ കുട്ടിയെ കൊന്നതെന്ന് ചോദിച്ചു. കൊന്നിട്ടില്ലെന്നായിരുന്നു സൂചനയുടെ മറുപടി.ഇതേ മൊഴി തന്നെയാണ് സൂചന ഗോവ പൊലീസിനും നൽകിയത്. മാത്രമല്ല, തന്റെ അവസ്ഥയ്ക്ക് കാരണം വെങ്കട്ട് ആണെന്നും താൻ കസ്റ്റഡിയിലായിരിക്കുമ്പോൾ വെങ്കട്ട് സ്വതന്ത്രനായിരിക്കുന്നെന്നും പറഞ്ഞു. പിന്നെ മകൻ എങ്ങനെ മരിച്ചെന്ന ചോദ്യത്തിന്
രാത്രി കിടക്കുന്നതുവരെ കുട്ടിക്ക് ഒരു പ്രശ്നങ്ങളും ഇല്ലായിരുന്നില്ലെന്നും രാവിലെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നുമായിരുന്നു മറുപടി. വെങ്കട്ടിന്റെ അഞ്ച് പേജുള്ള മൊഴി പൊലീസ് രേഖപ്പെടുത്തി. ഇരുവരും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ മൊഴി നൽകിയിട്ടുണ്ട്. മകനെ കൂടെ കൊണ്ടുപോകുമായിരുന്നെന്ന് എപ്പോഴും പറയുമായിരുന്നെന്നും ഇയാൾ പറയുമായിരുന്നു. 2023ൽ ബംഗളൂരുവിലെ കുടുംബ കോടതിയിൽ വിവാഹമോചനത്തിന് അപേക്ഷ നൽകി.
ഇതിന്റെ നടപടികൾ നടക്കുന്നതിനിടെ ആയിരുന്നു കൊലപാതകം.
സുചന അനുവദിച്ചില്ല
ഡിസംബർ 10 നാണ് താൻ അവസാനമായി മകനെ കണ്ടതെന്ന് വെങ്കട്ട രാമൻ പറയുന്നു. കോടതി ഉത്തരവ് ലംഘിച്ച് കഴിഞ്ഞ അഞ്ച് ഞായറാഴ്ചകളായി കുട്ടിയെ കാണാൻ സുചന അനുവദിച്ചില്ലെന്നും വെങ്കട്ട് രാമൻ മൊഴി നൽകി. ചോദ്യം ചെയ്യലിന് ശേഷം വെങ്കട്ട് രാമൻ മാദ്ധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ചു. മകനെ നഷ്ടപ്പെട്ട വിഷമത്തിലാണ് അദ്ദേഹമെന്നും അതുകൊണ്ടാണ് സംസാരിക്കാത്തതെന്നും അഭിഭാഷകൻ അസ്ഹർ മീർ പറഞ്ഞു. ഒരു സമൂഹം എന്ന നിലയിൽ സംഭവത്തിൽ നീതി വേണമെന്ന് നമ്മൾ പറയും. പക്ഷേ... ആരു ജയിച്ചാലും തോറ്റാലും കുഞ്ഞ് നഷ്ടമായല്ലോ. അതിനപ്പുറം എന്ത് സംഭവിച്ചാലും കാര്യമല്ലെന്നാണ് പിതാവ് പറയുന്നത്.. സുചന സേത്ത് ജയിലിൽ പോയാലും ജാമ്യം ലഭിച്ചാലും ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും അതൊന്നും മകന് പകരമാകില്ലെന്നാണ് വെങ്കട്ടരാമൻ പറഞ്ഞതെന്നും അഭിഭാഷകൻ പറഞ്ഞു.
എന്താണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വെങ്കന്ത് രാമന് അറിയില്ല. എന്തുകൊണ്ടാണ് അവൾ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്ന് സുചനയ്ക്ക് മാത്രമേ പറയാൻ കഴിയൂ. കുട്ടി പിതാവിനെ കാണുന്നതോ വൈകാരിക ബന്ധം പുലർത്തുന്നതോ അവൾ ഇഷ്ടപ്പെട്ടില്ലെന്നതാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് മാത്രമാണ് ഊഹിക്കാൻ സാധിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി മകന്റെ കസ്റ്റഡി കേസ് ബെംഗളൂരു കുടുംബകോടതിയിൽ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.