
ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കെ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും പ്രത്യേക സമ്മാനം നൽകുമെന്ന് ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു. 11000ത്തിലധികം വരുന്ന അതിഥികൾക്ക് രാംരാജ് എന്ന സമ്മാനമാണ് നൽകുന്നതെന്ന് ശ്രീമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗം പറഞ്ഞു. ക്ഷേത്രത്തിന്റെ തറക്കല്ലിടൽ സമയത്ത് കുഴിച്ചെടുത്ത മണ്ണിനാണ് രാംരാജ് എന്ന പേര് നൽകിയിരിക്കുന്നത്. മണ്ണ് ചെറിയ പെട്ടികളിൽ സൂക്ഷിച്ച് അതിഥികൾക്ക് നൽകും. പവിത്രമായി കരുതുന്ന ഈ മണ്ണ് വീട്ടുവളപ്പിൽ സൂക്ഷിക്കാമെന്ന് ട്രസ്റ്റ് അറിയിച്ചു. ഈ മണ്ണ് വീട്ടിൽ ഉണ്ടാകുന്നത് ഭാഗ്യമാണെന്നും ട്രസ്റ്റംഗം പറഞ്ഞു.
രാംരാജിനൊപ്പം പ്രത്യേക നെയ്യ് കൊണ്ടുണ്ടാക്കിയ മോട്ടിച്ചൂർ ലഡുവും പ്രസാദമായി നൽകും. ചടങ്ങിൽ പങ്കെടുക്കാൻ കഴിയാത്ത അതിഥികൾക്ക് അടുത്ത തവണ ക്ഷേത്രം സന്ദർശിക്കുമ്പോൾ രാംരാജ് നൽകും. ചടങ്ങിലെ മുഖ്യാതിഥിയായ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാമക്ഷേത്രത്തിന്റെ 15 മീറ്റർ നീളമുള്ള ചിത്രം ചണചാക്കിൽ പൊതിഞ്ഞ് സമ്മാനിക്കുമെന്ന് ട്രസ്റ്റംഗം കൂട്ടിച്ചേർത്തു.
ജനുവരി 22ന് ഉച്ചയ്ക്ക് 12. 20നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ലക്ഷ്മീകാന്ത് ദീക്ഷിതിന്റെ നേതൃത്വത്തിലുല്ള വൈദിക സംഘം പ്രധാന ചടങ്ങുകൾ നിർവഹിക്കും.
സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്‌ലി, അമിതാഭ് ബച്ചൻ, മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവരുൾപ്പെടെ സിനിമാ താരങ്ങൾ, സന്യാസിമാർ, രാഷ്ട്രീയപ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കും.