
ഹാമിൽട്ടൺ : പാകിസ്ഥാനെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലും വിജയം നേടി ന്യൂസിലാൻഡ്. ഹാമിൽട്ടണിലെ രണ്ടാം ട്വന്റി-20യിൽ 21 റൺസിനാണ് ആതിഥേയർ വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് നിശ്ചിത 20 ഓവറിൽ 194/8 എന്ന സ്കോർ ഉയർത്തിയപ്പോൾ പാകിസ്ഥാന്റെ മറുപടി 19.3 ഓവറിൽ 173ൽ അവസാനിച്ചു.
41 പന്തുകളിൽ ഏഴു ഫോറുകളും അഞ്ച് സിക്സുകളുമടക്കം 74 റൺസടിച്ച ഓപ്പണർ ഫിൻ അല്ലെനാണ് കിവീസിന്റെ ടോപ് സ്കോററർ. പാകിസ്ഥാനുവേണ്ടി ബാബർ അസമും(66) ഫഖാർ സമാനും (50) പൊരുതിനോക്കിയെങ്കിലും നാലുവിക്കറ്റ് വീഴ്ത്തിയ ആദം മിൽനെൻ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ടിം സൗത്തി, ബെൻ സിയേഴ്സ്, ഇഷ് സോധി എന്നിവരുടെ ബൗളിംഗ് മികവിന് മുന്നിൽ വിജയിക്കാനായില്ല. ഫിൻ അല്ലെനാണ് മാൻ ഒഫ് ദ മാച്ച്. ബുധനാഴ്ചയാണ് മൂന്നാം മത്സരം.
വില്യംസണിന് പരിക്ക്
പാകിസ്ഥാനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിനിടെ ക്യാപ്ടൻ കേൻ വില്യംസണിന് പരിക്കേറ്റത് കിവീസിന് തിരിച്ചടിയായി. 15 പന്തുകളിൽ 26 റൺസ് നേടിയ വില്യംസൺ പേശിവലിവിനെത്തുടർന്ന് റിട്ടയേഡ് ഹർട്ടാവുകയായിരുന്നു. കഴിഞ്ഞ വർഷം നിരവധി മത്സരങ്ങൾ പരിക്കുമൂലം വില്യംസണിന് നഷ്ടമായിരുന്നു.