
വാഷിംഗ്ടൺ: യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നടപടികൾക്ക് ഇന്ന് ഔദ്യോഗിക തുടക്കം. റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള അയോവ കോക്കസോടെയാണ് ( അയോവ സംസ്ഥാനത്തെ ഉൾപാർട്ടി തിരഞ്ഞെടുപ്പ്) രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നത്. അയോവ കോക്കസ് ഫലം നാളെ വ്യക്തമാകും.
യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്, സൗത്ത് കാരലൈന മുൻ ഗവർണറും യു.എന്നിലെ മുൻ യു.എസ് അംബാസഡറുമായ നിക്കി ഹേലി, ടെക് സംരംഭകനും ഇന്ത്യൻ വംശജനുമായ വിവേക് രാമസ്വാമി, ആർക്കൻസോ ഗവർണർ എയ്സ ഹച്ചിൻസൺ തുടങ്ങിയവരാണ് സ്ഥാനാർത്ഥികൾ. 2020ൽ ട്രംപിനൊപ്പമായിരുന്നു അയോവ. ഇത്തവണയും സർവേകളിൽ ട്രംപ് തന്നെയാണ് മുന്നിൽ. ഹേലിയും ഡിസാന്റിസുമാണ് തൊട്ടുപിന്നിൽ. അയോവ കോക്കസിന് പിന്നാലെ ജനുവരി 23ന് പാർട്ടിയുടെ ന്യൂഹാംഷെയർ പ്രൈമറി നടക്കും. അന്നേ ദിവസം തന്നെ പ്രസിഡന്റ് ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാർട്ടിയും തിരഞ്ഞെടുപ്പ് പ്രക്രിയകൾക്ക് ഔദ്യോഗിക തുടക്കമിടും. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ബൈഡന് തന്നെയാണ് സാദ്ധ്യത. തങ്ങളുടെ സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ യു.എസിലെ പാർട്ടികൾ പ്രൈമറി, കോക്കസ് രീതികളാണ് സ്വീകരിക്കുന്നത്. സ്ഥാനാർത്ഥി തിരഞ്ഞെടുപ്പ് ഒരു സംസ്ഥാനത്ത് അതത് പാർട്ടികൾ നടത്തിയാൽ കോക്കസെന്നും ഭരണകൂടം നടത്തിയാൽ പ്രൈമറി എന്നും പറയുന്നു. ഇവയുടെ ഫലങ്ങളുടെ അടിസ്ഥാനത്തിൽ നടക്കുന്ന നാഷണൽ കൺവെൻഷനുകളിലൂടെ സ്ഥാനാർത്ഥിയെ അന്തിമമായി പ്രഖ്യാപിക്കും. നവംബർ 5നാണ് ഇത്തവണത്തെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ്.