
ന്യൂഡൽഹി: അതിശൈത്യം തുടരുന്ന ഡൽഹി ആലിപ്പൂരിൽ തീ കായുന്നതിനിടെ രണ്ട് കുഞ്ഞുങ്ങളുൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേർക്ക് ദാരുണാന്ത്യം. വീടിനുള്ളിൽ തീ കത്തിക്കാനുപയോഗിച്ച കൽക്കരിയിലെ പുക ശ്വസിച്ചാണ് അപകടമുണ്ടായത്. ഔട്ടർ നോർത്ത് ഡൽഹിയിലെ അലിപൂരിൽ വാട്ടർ ടാങ്കർ ഡ്രൈവറായ രാകേഷ് (40), ഭാര്യ ലളിത (38), മക്കളായ പിയൂഷ് (8), സണ്ണി (7) എന്നിവരാണ് മരിച്ചത്. പടിഞ്ഞാറൻ ഡൽഹിയിലെ ഇന്ദർപുരിയിൽ കൽക്കരിപ്പുക ശ്വസിച്ച രണ്ട് നേപ്പാൾ സ്വദേശികളായ റാം ബഹാദൂർ (57), അഭിഷേക് (22) എന്നിവരും മരിച്ചു. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലുംമരിച്ചു. ഇന്നലെ രാവിലെ 6ന് വീടിനകത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയ നാലു പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു.
ഉത്തരേന്ത്യയിൽ കൊടും ശൈത്യത്തിൽ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്. ഡൽഹിയിൽ ഏതാനും ദിവസങ്ങളായി അഞ്ച് ഡിഗ്രിയിൽ താഴെയാണ് താപനില. കനത്ത മൂടൽമഞ്ഞ് കാരണം പല സംസ്ഥാനങ്ങളിലും ഗതാഗതം താറുമാറായി. വരും ദിവസങ്ങളിലും സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്.
ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പുലർച്ചെ മുതൽ കനത്ത മൂടൽമഞ്ഞാണ്. രാവിലെ ഡൽഹിയിൽ ഉൾപ്പടെ പലയിടത്തും കാഴ്ചാപരിധി പൂജ്യമായി ചുരുങ്ങിയതോടെ ഗതാഗതം താറുമാറായി. 22 തീവണ്ടികൾ വൈകി. ഡൽഹിയിലിറങ്ങേണ്ട 8 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഭാരത് ജോഡോ ന്യായ് യാത്രക്കായി രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾ പോകാനിരുന്ന വിമാനവും മണിക്കൂറുകളോളം വൈകി. സീസണിലെ ഏറ്റവും കനത്ത മൂടൽമഞ്ഞാണ് രേഖപ്പെടുത്തിയത്. മൂടൽ മഞ്ഞിനെ തുടർന്ന് വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകിയത് ഡൽഹി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി.