
ഓസ്ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ വിജയം നേടി നൊവാക്ക് ജോക്കോവിച്ച്
യാനിക്ക് സിന്നർ,മരിയ സക്കാരി, സബലേങ്ക,ക്രേസിക്കോവ,വൊസ്നിയാക്കി രണ്ടാം റൗണ്ടിൽ
മെൽബൺ : ആദ്യ റൗണ്ട് പോരാട്ടത്തിൽ തുടക്കക്കാരനായ ക്രൊയേഷ്യൻ താരം ഡിനോ പ്രിമിസിച്ചിനോട് കടുത്ത പോരാട്ടത്തിൽ വിജയം നേടി നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ച്. ക്വാളിഫയിംഗ് റൗണ്ടിലൂടെയെത്തിയ 18കാരനായ ഡിനോ നാലുസെറ്റ് പൊരുതിയശേഷമാണ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഗ്രാൻസ്ളാം ചാമ്പ്യനായ നൊവാക്കിനെ വിജയിക്കാൻ അനുവദിച്ചത്. സ്കോർ : 6-2,6-7(5/7),6-3,6-4.
ആദ്യ സെറ്റിൽ നിസാരമായി ഡിനോയുടെ സർവുകൾ ബ്രേക്ക് ചെയ്ത് മുന്നേറിയ നൊവാക്കിന് രണ്ടാം സെറ്റിലാണ് കടുത്തവെല്ലുവിളിയുണ്ടായത്. ഇഞ്ചോടിഞ്ച് പൊരുതി മുന്നേറിയ ഡിനോ സെറ്റ് ടൈബ്രേക്കറിലെത്തിച്ചു. അവിടെ നൊവാക്കിന് പിഴച്ചതോടെ മത്സരം 1-1 എന്ന നിലയിലായി. അപകടം മണത്ത നൊവാക്ക് പിന്നീട് കരുതലോടെ കളിച്ച് അടുത്ത രണ്ട് സെറ്റുകളും മത്സരവും സ്വന്തമാക്കി. നാലുമണിക്കൂർ ഒരു മിനിട്ടാണ് നൊവാക്കിന് വിജയിക്കാൻ വേണ്ടിവന്നത്.
ടൂർണമെന്റിന്റെ ആദ്യ ദിവസം നടന്ന മറ്റ് ആദ്യറൗണ്ട് മത്സരങ്ങളിൽ യാനിക്ക് സിന്നർ,മരിയ സക്കാരി, അര്യാന സബലേങ്ക, ബർബോറ ക്രേസിക്കോവ, കരോളിൻ വൊസ്നിയാക്കി തുടങ്ങിയവർ വിജയം നേടി രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. പുരുഷ വിഭാഗം നാലാം സീഡായ ഇറ്റാലിയൻ താരം സിന്നർ 6-4, 7-5, 6-3 എന്ന സ്കോറിന് ഹോളണ്ടിന്റെ ബോടികിനെയാണ് തോൽപ്പിച്ചത്. വനിതാ വിഭാഗത്തിൽ എട്ടാം സീഡായ മരിയ സക്കാരി 6-4,6-1ന് ജപ്പാന്റെ നാവോ ഹിബിനോയെ മറികടന്നു. വനിതാ വിഭാഗത്തിൽ രണ്ടാം സീഡായ അര്യാന സബലേങ്ക ക്വാളിഫയറായ ജർമ്മനിയുടെ എല്ലാ സെയ്ദലിനെ 6-0,6-1ന് തോൽപ്പിച്ചു.
2018
ന് ശേഷം നൊവാക്ക് ഓസ്ട്രേലിയൻ ഓപ്പണിൽ തോൽവി അറിഞ്ഞിട്ടില്ല.
28
തുടർവിജയങ്ങളാണ് നൊവാക്ക് ഇവിടെ നേടിയിരിക്കുന്നത്.
90
ഓസ്ട്രേലിയൻ ഓപ്പണിലെ നൊവാക്കിന്റെ വിജയങ്ങളുടെ എണ്ണം.
2005ൽ ഡിനോ പ്രിമിസിച്ച് ജനിക്കുന്നതിന് മാസങ്ങൾക്ക് മുമ്പാണ് നൊവാക്ക് തന്റെ ആദ്യ ഓസ്ട്രേലിയൻ ഓപ്പൺ കിരീടം സ്വന്തമാക്കിയത്. 18കാരനായ ഡിനോയുടെ പ്രായത്തേക്കാളും നീണ്ട തന്റെ കരിയറിൽ 24 ഗ്രാൻസ്ളാം കിരീടങ്ങൾ നൊവാക്ക് സ്വന്തമാക്കിക്കഴിഞ്ഞു. ഇതിൽ പത്തെണ്ണം ഓസ്ട്രേലിയൻ ഓപ്പണിലാണ്.