
വിയറ്റ്നാമിനെ 4-2ന് കീഴടക്കി ജപ്പാൻ
താക്കുമി മിനാമിനോയ്ക്ക് ഇരട്ട ഗോൾ
ദോഹ : നാലുവട്ടം ചാമ്പ്യന്മാരായിട്ടുള്ള ജപ്പാന് എ.എഫ്.സി ഏഷ്യൻ കപ്പിന്റെ പുതിയ പതിപ്പിൽ വിജയത്തുടക്കം. ഇന്നലെ നടന്ന ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ നാലുഗോളുകൾക്ക് വിയറ്റ്നാമിനെയാണ് ജപ്പാൻ തകർത്തത്. ഇരട്ട ഗോളടിച്ച താക്കുമി മിനാമിനോയാണ് ജപ്പാന്റെ വിജയശിൽപ്പി. ഏഷ്യയിലെ വൻശക്തികൾക്ക് മുന്നിൽ വീറോടെ പൊരുതിനിൽക്കുകയും ഒരു ഘട്ടത്തിൽ ലീഡുനേടുകയും ചെയ്തശേഷമാണ് വിയറ്റ്നാം തോൽവി സമ്മതിച്ചത്. 33-ാം മിനിട്ടിൽ 2-1ന് വിയറ്റ്നാം മുന്നിലെത്തിയെങ്കിലും ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ രണ്ട് ഗോളുകൾ നേടി ജപ്പാൻ 3-2ന് മുന്നിലെത്തി. രണ്ടാം പകുതിയിലാണ് അവർ ഒരുഗോൾ കൂടി നേടിയത്.
ഈ വിജയത്തോടെ മൂന്ന് പോയിന്റുമായി ജപ്പാൻ ഗ്രൂപ്പ് ഡിയിൽ ഒന്നാമതെത്തി. 19ന് ഇറാഖുമായാണ് ജപ്പാന്റെ അടുത്ത മത്സരം. വിയറ്റ്നാം അന്ന് ഇൻഡോനേഷ്യയെ നേരിടും.
11-ാം മിനിട്ടിൽ മിനാമിനോയിലൂടെ ജപ്പാനാണ് ആദ്യം സ്കോർ ചെയ്തത്.
16-ാം മിനിട്ടിൽ എൻഗുയേൻ ഡിൻ ബാക്കിലൂടെ വിയറ്റ്നാം സമനില പിടിച്ചു.
33-ാം മിനിട്ടിൽ ഫാം തുവാൻ ഹായ് വിയറ്റ്നാമിനെ മുന്നിലെത്തിച്ചു.
45-ാം മിനിട്ടിൽ മിനാമിനോ ജപ്പാനെ സമനിലയിലെത്തിച്ചു.
45+4-ാം മിനിട്ടിൽ കെയ്തോ നക്കാമുറയുടെ ഗോളിലൂടെ ആദ്യ പകുതിയിൽ ജപ്പാൻ 3-1ന് ലീഡ് ചെയ്തു.
85-ാം മിനിട്ടിൽ അയാസേ ഉയേദയാണ് ജപ്പാന്റെ നാലാം ഗോൾ നേടിയത്.