
ഇൻഡോറിലെ ട്വന്റി-20യിലും ഇന്ത്യയ്ക്ക് ജയം, പരമ്പരയും ഇന്ത്യയ്ക്ക്
ഇൻഡോർ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലും മിന്നുന്ന ജയം നേടി ഇന്ത്യ പരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഇന്നലെ ഇൻഡോറിൽ 173 റൺസ് ചേസ് ചെയ്യാനിറങ്ങിയ ഇന്ത്യ 15.4 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. അർദ്ധസെഞ്ച്വറികൾ നേടിയ യശസ്വി ജയ്സ്വാളിന്റെയും (68) ശിവം ദുബെയുടെയും (57 നോട്ടൗട്ട് ) മികവിലാണ് ഇന്ത്യ വിജയം കണ്ടത്. 14മാസത്തിന് ശേഷം ട്വന്റി-20യിലേക്കുള്ള മടങ്ങിവരവിൽ വിരാട് കൊഹ്‌ലി (29) റൺസ് നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ 172 റൺസിന് ആൾഒൗട്ടാവുകയായിരുന്നു. അർദ്ധസെഞ്ച്വറി നേടിയ ഗുൽബാദിൻ നയ്ബാണ് (57)അഫ്ഗാന്റെ ടോപ് സ്കോററർ. ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ കഴിഞ്ഞ മത്സരത്തിലേതുപോലെ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നാം ഓവറിൽ റഹ്മാനുള്ള ഗുർബാസിനെ(14) ശിവം ദുബെയുടെ കയ്യിലെത്തിച്ച് രവി ബിഷ്ണോയ് സന്ദർശകർക്ക് ആദ്യ പ്രഹരമേകി. തുടർന്നിറങ്ങിയ ഗുൽബാദിൻ നയ്ബ് നായകൻ ഇബ്രാഹിം സദ്രാനൊ (8)പ്പം ടീം സ്കോർ 50 കടത്തി. ആറാം ഓവറിൽ അക്ഷർ പട്ടേൽ ഇബ്രാഹിമിനെ ബൗൾഡാക്കി വിട്ടെങ്കിലും നയ്ബ് കളത്തിൽ നിന്നത് അഫ്ഗാന് കരുത്തായി. ഇബ്രാഹിമിന് പിന്നാലെ അസ്മത്തുള്ള ഒമർസായ്‌യും (2) കൂടാരം കയറി. ശിവം ദുബെ ഒമർസായ്‌യെ ബൗൾഡാക്കുകയായിരുന്നു.ഇതോടെ അഫ്ഗാൻ 60/3 എന്ന നിലയിലായി.
തുടർന്ന് നയ്ബ് തകർത്തടിച്ച് അർദ്ധസെഞ്ച്വറിയിലെത്തി. 35 പന്തുകളിൽ അഞ്ചുഫോറും നാലുസിക്സും പറത്തിയ നയ്ബിനെ 12-ാം ഓവറിൽ അക്ഷർ പട്ടേലാണ് മടക്കി അയച്ചത്. രോഹിത് ശർമ്മയ്ക്കായിരുന്നു ക്യാച്ച്. തുടർന്ന് മുഹമ്മദ് നബി (14), നജീബുള്ള സദ്രാൻ (23), കരിം ജന്നത്(20), മുജീബ് റഹ്മാൻ (21) എന്നിവർ പൊരുതിനിന്നാണ് 172ലെത്തിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിംഗ് നാലോവറിൽ 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ രവി ബിഷ്ണോയ്‌യും അക്ഷർ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ശിവം ദുബെയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.
മറുപടിക്കിറങ്ങിയ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുമ്പോൾ പത്തോവറിൽ 116/2 എന്ന നിലയിലാണ്. ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽത്തന്നെ രോഹിത് ശർമ്മ ഡക്കായിരുന്നു. ഫസൽ ഫറൂഖിയാണ് രോഹിതിനെ ബൗൾഡാക്കിയത്. തുടർന്ന് യശസ്വി ജയ്‌സ്വാളും വിരാട് കൊഹ്‌ലിയും (29) ചേർന്ന് 62 റൺസിലെത്തിച്ചു. അവിടെ വച്ച് നവീൻ ഉൽഹഖാണ് വിരാടിനെ മടക്കി അയച്ചത്. തുടർന്നെത്തിയ ശിവം ദുബെ യശസ്വിക്ക് മികച്ച പിന്തുണ നൽകി. 13-ാം ഓവറിൽ കരിം ജന്നത്ത് യശസ്വിയേയും ജിതേഷ് ശർമ്മയേയും (0) പുറത്താക്കിയെങ്കിലും ഇന്ത്യൻ ജയത്തെ തടയാനായില്ല. റിങ്കു സിംഗിനെ(9*)ക്കൂട്ടി ദുബെ 16-ാം ഓവറിൽ വിജയത്തിലെത്തിച്ചു.