
കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതൽ സ്വകാര്യ കാറുകളുള്ള നഗരങ്ങളുടെ പട്ടികയിൽ ഡെൽഹിയെ മറികടന്ന് ബംഗളൂരുവിന്റെ കുതിപ്പ്. ഡെൽഹി കോർപ്പറേഷന്റെ കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷം മാർച്ച് 31 വരെ ഇരുപത് ലക്ഷം സ്വകാര്യ കാറുകളാണ് തലസ്ഥാന നഗരിയിൽ രജിസ്റ്റർ ചെയ്തത്. 2021 വർഷം ഇതേകാലയളവിനേക്കാൾ 38.8 ശതമാനം ഇടിവാണ് കാർ രജിസ്ട്രേഷനിൽ ദൃശ്യമായത്.
പത്ത് വർഷത്തിലധികം കാലയളവുള്ള ഡീസൽ വാഹനങ്ങളെ റോഡുകളിൽ നിന്ന് നിരോധിച്ച് സുപ്രീം കോടതി 2018 ൽ ഉത്തരവിറക്കിയതാണ് സ്വകാര്യ വാഹനങ്ങളുടെ എണ്ണം കുറയാൻ കാരണമെന്ന് ഡീലർമാർ പറയുന്നു. പതിനഞ്ച് വർഷത്തിലധികമായുള്ള പെട്രോൾ വാഹനങ്ങൾക്കും ഡെൽഹിയിൽ നിരോധനമുണ്ട്.
കഴിഞ്ഞ വർഷം മാർച്ച് വരെയുള്ള കണക്കുകളനുസരിച്ച് ബംഗളൂവിൽ 22.33 ലക്ഷം കാറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. രണ്ട് വർഷത്തിനിടെ കാർ രജിസ്ട്രേഷനിൽ ഏഴ് ശതമാനം വർദ്ധനയാണ് ബംഗളൂരുവിൽ ദൃശ്യമായത്.