
കോപ്പൻഹേഗൻ : അര നൂറ്റാണ്ടായി അധികാരത്തിൽ തുടർന്ന ഡെൻമാർക്കിലെ മാർഗ്രേത്ത II രാജ്ഞി സ്ഥാനമൊഴിഞ്ഞു. മകൻ ഫ്രെഡറിക് പത്താമനും ഭാര്യ മേരിയും പുതിയ രാജാവും രാജ്ഞിയുമായി ചുമതലയേറ്റു. ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയ്ക്ക് ശേഷം യൂറോപ്പിൽ ഏറ്റവും കൂടുതൽ കാലം ഭരണത്തിൽ തുടർന്ന വ്യക്തിയാണ് 83കാരിയായ മാർഗ്രേത്ത. വളരെ അപ്രതീക്ഷിതമായാണ് സ്ഥാനമൊഴിയുന്ന വിവരം പുതുവർഷത്തലേന്ന് നടത്തിയ അഭിസംബോധനയ്ക്കിടെ മാർഗ്രേത്ത അറിയിച്ചത്.
ഇന്നലെ കോപ്പൻഹേഗനിലെ ക്രിസ്റ്റ്യൻസ്ബോർഗ് പാലസിൽ നടന്ന കാബിനറ്റ് മീറ്റിംഗിലാണ് അധികാരക്കൈമാറ്റം നടന്നത്. സ്ഥാനമൊഴിയുന്നതായുള്ള പ്രഖ്യാപനത്തിൽ രാജ്ഞി ഒപ്പുവച്ചു. ഫ്രെഡറികിന്റെയും മേരിയുടെയും സ്ഥാനാരോഹണം ഡാനിഷ് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സൺ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ക്രിസ്റ്റ്യൻ, ഇസബെല്ല, വിൻസെന്റ്, ജോസഫൈൻ എന്നിവരാണ് 55കാരനായ ഫ്രെഡറികിന്റെയും 51കാരിയായ മേരിയുടെയും മക്കൾ. 18കാരനായ ക്രിസ്റ്റ്യനെ കിരീടാവകാശിയായി പ്രഖ്യാപിച്ചു. സ്കേട്ടിഷ് വംശജരുടെ മകളായി ഓസ്ട്രേലിയയിലായിരുന്നു മേരിയുടെ ജനനം. പിതാവ് ഫ്രെഡറിക് ഒമ്പതാമന്റെ മരണത്തെ തുടർന്ന് 1972 ജനുവരിയിൽ 31ാം വയസിലാണ് മാർഗ്രേത്ത രാജ്ഞി അധികാരത്തിലെത്തിയത്.
ജനപ്രിയ രാജ്ഞി
മാർഗ്രേത്ത
മാർഗ്രേത്ത ഡാനിഷ് രാജകുടുംബത്തിൽ വരുത്തിയ പരിഷ്കാരങ്ങളും ആധുനികവത്കരണങ്ങളും ഏറെ ജനപ്രിയമാണ്. വിവാദങ്ങൾക്ക് പിടിക്കൊടുക്കാതിരുന്ന മാർഗ്രേത്ത തന്റെ രണ്ട് ആൺ മക്കളെയും രാജകുടുംബാംഗമല്ലാത്തവരെ വിവാഹം കഴിക്കാൻ അനുവദിച്ചിരുന്നു. ഏകദേശം 80 ശതമാനം ഡാനിഷ് ജനങ്ങളും മാർഗ്രേത്തയുടെ അധികാരത്തെ പിന്തുണച്ചിരുന്നു എന്നാണ് കണക്ക്. മാർഗ്രേത്തയുടെ ഭർത്താവ് ഹെൻറി രാജകുമാരൻ 2018ൽ 83ാം വയസിൽ മരണമടഞ്ഞു.
ലോകത്തെ ഏറ്റവും ജനപ്രിയമായ രാജവാഴ്ചകളിലൊന്നാണ് ഡെൻമാർക്കിലേത്. വിക്ടോറിയ രാജ്ഞിയുടെ കുടുംബത്തിൽപ്പെട്ട മാർഗ്രേത്ത അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ബന്ധുകൂടിയാണ്. ബ്രിട്ടീഷ് രാജസിംഹാസനത്തിനുടമയായിരുന്ന എലിസബത്തിന്റെ മരണത്തോടെ ലോകത്ത് അധികാരത്തിലുണ്ടായിരുന്ന ഏക വനിതാ രാജകുടുംബാംഗവും മാർഗ്രേത്തയായിരുന്നു.
അതേ സമയം, ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന രാജകുടുംബാംഗങ്ങളിൽ ഏറ്റവും കൂടുതൽ കാലമായി ഭരണത്തിൽ തുടരുന്നത് ബ്രൂണെയിലെ ഹസ്സനാൽ ഹോൾക്കിയ സുൽത്താനാണ് ( 56 വർഷം ). ഇതിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തായിരുന്നു മാർഗ്രേത്ത.