
കൊച്ചി: പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് പിന്നാലെ ലക്ഷദ്വീപിൽ ടൂറിസം മേഖലയിൽ പുത്തൻ പദ്ധതികൾക്ക് വഴിയൊരുങ്ങുന്നത് കൊച്ചിക്കും വൻനേട്ടമാകും. ലക്ഷദ്വീപിന്റെ കവാടമെന്ന നിലയിലാണ് കൊച്ചിക്കും പദ്ധതികൾ ഗുണകരമാകുക. ദ്വീപിലേയ്ക്കുള്ള വിമാന, കപ്പൽ യാത്രകൾക്ക് അന്താരാഷ്ട്ര സഞ്ചാരികൾ എത്തുന്നത് കൊച്ചിയുടെയും പരിസര പ്രദേശങ്ങളിലെയും ടൂറിസം, ട്രാവൽ മേഖലകൾക്ക് കുതിപ്പേകും.
പ്രധാനമന്ത്രിയുടെ സന്ദർശനവും മാലദ്വീപിനെതിരായ വിമർശനവുമാണ് ലക്ഷദ്വീപിന് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തത്. പിന്നാലെ ടാറ്റ ഉൾപ്പെടെ ടൂറിസം, ഹോസ്‌പിറ്റാലിറ്റി മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങൾ നിക്ഷേപപദ്ധതികൾ പ്രഖ്യാപിച്ചു. ലക്ഷദ്വീപ് സന്ദർശിക്കാൻ അവസരം തേടി അന്വേഷണങ്ങൾ വർദ്ധിക്കുകയും ചെയ്തു. ഇതോടെ കൂടുതൽ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് വിനോദസഞ്ചാര മേഖല.
അന്താരാഷ്ട്ര സഞ്ചാരികൾക്കുൾപ്പെടെ ലക്ഷദ്വീപ് യാത്രയ്ക്കുള്ള കവാടം കൊച്ചിയാണ്. ഏറ്റവും അടുത്ത വിമാനാത്തവളം കൊച്ചിയിലാണ്. യാത്രാക്കപ്പലുകൾ കൊച്ചി തുറമുഖം കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്.
അഗത്തി, ബംഗാരം ദ്വീപുകളിലാണ് വിമാനത്താവളങ്ങളുള്ളത്. മിനിക്കോയിൽ സൈനിക ആവശ്യങ്ങൾ കൂടി നിറവേറ്റാൻ കഴിയുന്ന വിമാനത്താവളം സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യൻ എയർലൈൻസാണ് നിലവിൽ കൊച്ചിയിൽ നിന്ന് സർവീസ് നടത്തുന്നത്. ഒന്നര മണിക്കൂർ കൊണ്ട് കൊച്ചിയിൽ നിന്ന് കവരത്തിയിലെത്താം. ദ്വീപുകളെ ബന്ധിപ്പിച്ച് ഹെലികോപ്ടർ സൗകര്യങ്ങളുമുണ്ട്.
കപ്പലാണ് സാധാരണ യാത്രകൾക്ക് ആശ്രയം. കൊച്ചിയിൽ നിന്ന് ഏഴു യാത്രാക്കപ്പലുകൾ സർവീസ് നടത്തുന്നുണ്ട്. കടലിലെ അവസ്ഥ അനുസരിച്ച് 14 മുതൽ 16 മണിക്കൂർ കപ്പൽ യാത്രയ്ക്ക് വേണ്ടിവരും.
താമസം, യാത്ര എന്നിവയ്ക്ക് ലക്ഷദ്വീപിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയാൽ വിദേശങ്ങളിൽ നിന്നുൾപ്പെടെ സഞ്ചാരികൾ കൊച്ചിയിലാണ് ആദ്യമെത്തുക. ഇവർ ഒന്നോ രണ്ടോ ദിവസം കൊച്ചിയിലും താമസിക്കും. ഇവർക്ക് താമസം, വിനോദം, സഞ്ചാരം തുടങ്ങിയ സൗകര്യങ്ങൾ ആവശ്യമാണ്. മൂന്നാർ, തേക്കടി, ആലപ്പുഴ, തൃശൂർ തുടങ്ങിയ സമീപ ടൂറിസം കേന്ദ്രങ്ങളിലേയ്ക്കും ഇവരെ ആകർഷിക്കാൻ പാക്കേജുകൾ തയാറാക്കിയാൽ നിരവധി അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് ടൂറിസം, ട്രാവൽ മേഖലകളിലെ സംരംഭകർ പറയുന്നു.
ദ്വീപുകൾ പോലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നത് ഏറ്റവുമധികം പണം ചെലവഴിക്കുന്ന വിഭാഗത്തിലെ സഞ്ചാരികളാണെന്ന് ട്രാവൽ ഏജന്റ്സ് ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ ദേശീയ മാനേജിംഗ് കമ്മിറ്റി അംഗമായ പൗലോസ് കെ. മാത്യു പറഞ്ഞു. അത്തരം സഞ്ചാരികൾ ഏതാനും ദിവസം കൊച്ചിയിലും സമീപ കേന്ദ്രങ്ങളിലും ചെലവഴിക്കുന്നത് വലിയ വരുമാനനേട്ടത്തിന് വഴിതെളിക്കുമെന്ന് അദ്ദേഹം പറഞ്ഞു. റിസോർട്ടുകൾ, ഹോട്ടലുകൾ, ഗതാഗതം, യാത്രാസൗകര്യം ഒരുക്കൽ തുടങ്ങിയ മേഖലകളിൽ കൊച്ചിയ്ക്കും ലക്ഷദ്വീപിന്റെ ടൂറിസം വികസനം കുതിപ്പ് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.