ayodhya

അയോദ്ധ്യ: ജനുവരി 22ന് അയോദ്ധ്യയിലെ രാമക്ഷേത്ത്രതിലെ പ്രാണ പ്രതിഷഠ ചടങ്ങ് നടക്കും. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക. ഇതിനോടകം തന്നെ അയോദ്ധ്യ ഒരു രാഷ്ട്രീയ വിവാദമായി മാറുകയും ചെയ്തിട്ടുണ്ട്. ഒരു വശത്ത് കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും സാമ്പത്തിക മേഖലയില്‍ അയോദ്ധ്യ പുത്തന്‍ ഉണര്‍വ് സമ്മാനിക്കുമെന്നതില്‍ തര്‍ക്കമില്ല. അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്താണെന്നാല്‍ രാമക്ഷേത്രം വെറുമൊരു തീര്‍ത്ഥാടന കേന്ദ്രം എന്ന പേരില്‍ മാത്രമായിരിക്കില്ല അയോദ്ധ്യയുടെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുക.

വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് വമ്പന്‍ മാറ്റങ്ങളും വന്‍കിട വികസന പദ്ധതികളും അയോദ്ധ്യയില്‍ ഇടംപിടിക്കും. മൊത്തത്തില്‍ അയോദ്ധ്യയുടെ മുഖച്ഛായ തന്നെ മാറ്റാന്‍ പാകത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളായിരിക്കും സര്‍ക്കാര്‍ പദ്ധതികളിലൂടെയും സ്വകാര്യ കമ്പനികളുടെ പദ്ധതികളിലൂടെയും സാദ്ധ്യമാകുക. പ്രാണ പ്രതിഷ്ഠ ചടങ്ങിന് ശേഷം അയോദ്ധ്യയില്‍ വരാന്‍ പോകുന്ന മാറ്റങ്ങള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ഹോസ്പിറ്റാലിറ്റി

പ്രതിഷ്ഠ ചടങ്ങിന് ശേഷം അടുത്ത മൂന്ന് മാസത്തേക്ക് പ്രതിമാസം മൂന്ന് മുതല്‍ അഞ്ച് ലക്ഷം സന്ദര്‍ശകരെ വരെയാണ് അധികൃതര്‍ അയോദ്ധ്യയിലേക്ക് പ്രതീക്ഷിക്കുന്നത്. ഈ സംഖ്യയില്‍ പിന്നീട് കുറവ് വരുമെങ്കിലും തീര്‍ത്ഥാടകരുടേയും വിനോദ സഞ്ചാരികളുടേയും പ്രധാന ആകര്‍ഷണ കേന്ദ്രമായി അയോദ്ധ്യ മാറുമെന്ന കാര്യത്തില്‍ വലിയ പ്രതീക്ഷയാണ് അധികൃതര്‍ വച്ചുപുലര്‍ത്തുന്നത്. അങ്ങനെ നോക്കുമ്പോള്‍ വലിയ ഉണര്‍വ് പ്രതീക്ഷിക്കുന്നത് ഹോസ്പിറ്റാലിറ്റി സെക്ടറിലാണ്.

രാമക്ഷേത്രം മറ്റ് നിക്ഷേപ പദ്ധതികള്‍ എന്നിവ യാഥാര്‍ത്ഥ്യമാകുന്നതോടെ ടൂറിസം മേഖലയില്‍ വലിയ കുതിച്ചുചാട്ടം പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന അയോദ്ധ്യയിലെ റിസോര്‍ട്ട് നിര്‍മാതാക്കളായ പ്രാവേഗ് ലിമിറ്റഡിന്റെ സ്റ്റോക് മാര്‍ക്കറ്റ് മൂല്യത്തില്‍ 70.59 % വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ 85% ബുക്കിങ്ങും നടന്നുകഴിഞ്ഞു.

ആഡംബര ഹോട്ടല്‍ ശൃംഖലകളായ ഇന്ത്യന്‍ ഹോട്ടല്‍ കോ, ഐടിസി ലിമിറ്റഡ്, ഇഐഎച്ച് ലിമിറ്റഡ് തുടങ്ങിയവരും തങ്ങളുടെ സ്ഥാപനങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിലൂടെ നേട്ടമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ്. ക്ഷേത്രത്തില്‍ നിന്ന് വെറും 12 കിലോമീറ്റര്‍ മാത്രം അകലെ ഐടിസിയുടെ സെവന്‍ സ്റ്റാര്‍ ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കാനിരിക്കുകയാണ്. ഐടിസിയുടെ ഷെയറുകള്‍ക്ക് 2.81 ശതമാനം മൂല്യ വര്‍ദ്ധനവും ഐഎച്ച്‌സിഎല്ലിന് 3.78 ശതമാനം വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.

ഡിസംബര്‍ 19ന് രേഖപ്പെടുത്തിയ നിരക്ക് അനുസരിച്ച് 17,000 മുതല്‍ 73,000 രൂപവരെയാണ് ഹോട്ടല്‍ മുറികള്‍ക്ക് വിവിധ ഗ്രൂപ്പുകള്‍ ഈടാക്കുന്നത്. അയോദ്ധ്യയില്‍ നിര്‍മിച്ച ടെന്റ് സിറ്റിയില്‍ ജനുവരി 22ലേക്കുള്ള ബുക്കിംഗ് പൂര്‍ണമായി കഴിഞ്ഞു. ഒരു രാത്രിയുള്‍പ്പെടെ തങ്ങുന്നതിന് ഒരു ടെന്റിന് നിരക്ക് 30,000 രൂപയാണ്. 73 പുതിയ ഹോട്ടലുകളാണ് അയോദ്ധ്യയില്‍ വരാനിരിക്കുന്നത്. ഇതിനോടകം 40 ഹോട്ടലുകള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.

എയര്‍ലൈന്‍ മേഖല

അയോദ്ധ്യ ക്ഷേത്രവുമായി ബന്ധപ്പെട്ട് നേട്ടമുണ്ടാക്കാന്‍ കഴിയുന്നതാണ് വ്യോമയാന മേഖല. ഡിസംബര്‍ 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വീസ് ജനുവരി 10 മുതല്‍ ആരംഭിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ നിന്നും അഹ്മമദാബാദില്‍ നിന്നും അയോദ്ധ്യയിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാനിരിക്കുകയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

ayodhya

ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍ മറ്റ് നഗരങ്ങളില്‍ നിന്ന് അയോദ്ധ്യയിലേക്ക് നേരിട്ടോ അല്ലെങ്കില്‍ കണക്ഷന്‍ ഫ്‌ളൈറ്റ് വിഭാഗത്തിലോ വിമാനം പറത്തുന്നത് പോലും വലിയ ലാഭം ഈ മേഖലയ്ക്ക് സമ്മാനിക്കും. ടിക്കറ്റ് നിരക്കിലും ആവശ്യക്കാരുടെ എണ്ണം അനുസരിച്ച് വര്‍ദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഇന്‍ഡിഗോ എയര്‍ലൈന്‍സ്, സ്‌പൈസ് ജെറ്റ് എന്നിവരുടെ മാതൃകമ്പനികളുടെ ഷെയര്‍ മാര്‍ക്കറ്റിലെ മൂല്യത്തിലും വര്‍ദ്ധനവ് രേഖപ്പെടുത്തുന്നു.

റെയില്‍വേ

റെയില്‍വേയാണ് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന മറ്റൊരു മേഖല. ഒരുപക്ഷേ ഏറ്റവും അധികം ലാഭം കൊയ്യാന്‍ കഴിയുന്നതും റെയില്‍വേക്ക് തന്നെ. ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആയിരം ട്രെയിനുകള്‍ അയോദ്ധ്യയിലേക്കും അയോദ്ധ്യയിലൂടെ കടന്നുപോകുന്ന രീതിയിലും സര്‍വീസ് നടത്താനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

ayodhya

ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളില്‍ നിന്നും സര്‍വീസ് ആരംഭിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ടിക്കറ്റ് നിരക്കില്‍ നിന്ന് വലിയ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് റെയില്‍വേയുടെ പ്രതീക്ഷ. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ ഷെയര്‍ മൂല്യവും വര്‍ദ്ധിച്ചിട്ടുണ്ട്.

ടൂറിസം

രാമക്ഷേത്രത്തെ ഉപയോഗപ്പെടുത്തി വന്‍ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയാണ് ടൂറിസം സെക്ടറിലെ കമ്പനികള്‍ പ്രതീക്ഷിക്കുന്നത്. പ്രാണ പ്രതിഷ്ഠ ചടങ്ങിനുള്ള തീയതി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വലിയ അന്വേഷണങ്ങളാണ് ടൂറിസം മേഖലയിലെ വമ്പന്‍മാരായ തോമസ് കുക്ക്, ഈസ് മൈ ട്രിപ്പ്, റേറ്റ്‌ഗെയിന്‍ ട്രാവല്‍ ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളിലേക്ക് എത്തുന്നത്.

വിമാന ടിക്കറ്റ്, ബസ് ടിക്കറ്റ്, ട്രെയിന്‍ ടിക്കറ്റ് എന്നിവയുടെ ബുക്കിംഗിന് ഉപയോഗിക്കുന്ന ഈസ് മൈ ട്രിപ്പ് ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് തന്നെ നേട്ടമുണ്ടാക്കാന്‍ തുടങ്ങിക്കഴിഞ്ഞു. കമ്പനിയുടെ ഷെയര്‍ വാല്യു ഒരു മാസത്തിനുള്ളില്‍ രേഖപ്പെടുത്തിയത് 18.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ്.

3000 കാറുകള്‍ പാര്‍ക് ചെയ്യാന്‍ സൗകര്യത്തോടുകൂടി ഒരു മള്‍ട്ടിലെവല്‍ പാര്‍ക്കിംഗ് സംവിധാനം അപ്പോളോ സിന്ദൂരി ഗ്രൂപ്പ് ഹോട്ടല്‍സ് നിര്‍മിച്ച് കഴിഞ്ഞു. റൂഫ് ടോപ്പില്‍ റെസ്റ്റോറന്റ്, 1000 വിനോദസഞ്ചാരികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സംവിധാനം എന്നിവയും അപ്പോളോ ഗ്രൂപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കും.