
സോൾ : കിഴക്കൻ കടലിലേക്ക് ഉത്തര കൊറിയ അജ്ഞാത ബാലിസ്റ്റിക് മിസൈൽ തൊടുത്തുവിട്ടതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. ദക്ഷിണ കൊറിയയുമായി പിരിമുറുക്കങ്ങൾ നിലനിൽക്കുന്ന സമുദ്രാതിർത്തിക്ക് സമീപം സൈനികാഭ്യാസങ്ങൾ നടത്തി ഭീതി സൃഷ്ടിച്ചതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഉത്തര കൊറിയയുടെ പുതിയ നീക്കം.
മിസൈലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ദക്ഷിണ കൊറിയ വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം, ഉത്തര കൊറിയയുടെ മിസൈൽ വിക്ഷേപണം ജപ്പാനും സ്ഥിരീകരിച്ചു. ഡിസംബറിൽ തങ്ങളുടെ ശേഖരത്തിലെ ഏറ്റവും നൂതന ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലായ ' ഹ്വാസോംഗ് 18'നെ ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച ആദ്യം ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ ദക്ഷിണ കൊറിയയെ തങ്ങളുടെ പ്രധാന ശത്രുവെന്ന് മുദ്രകുത്തിയിരുന്നു. ദക്ഷിണ കൊറിയയെ ഇല്ലാതാക്കൻ മടിക്കില്ലെന്നും രാജ്യത്തെ പ്രധാന ആയുധ ഫാക്ടറികളിൽ പര്യടനം നടത്തിയതിന് പിന്നാലെ കിം മുന്നറിയിപ്പ് നൽകിയിരുന്നു.