
കാൺപൂർ: ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മടങ്ങിവരവിൽ 24 വിക്കറ്റുകൾ വീഴ്‌ത്തി പേസർ മുഹമ്മദ് ഷമി ഇന്ത്യൻ ക്യാമ്പിൽ നിർണായക സ്വാധീനമായിരുന്നു. 10.70 ശരാശരിയിൽ മിന്നും പ്രകടനം കാഴ്‌ചവച്ച ഷമിക്ക് രാജ്യം അർജുന അവാർഡ് നൽകി ആദരിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോഴിതാ ഷമിയെപ്പോലെ തന്നെ വമ്പൻ പ്രകടനവുമായി അതേ കുടുംബത്തിൽ നിന്നും മറ്റൊരാൾ കൂടി ആഭ്യന്തര ക്രിക്കറ്റിലെത്തുകയാണ്.
ഷമിയുടെ അനുജൻ മുഹമ്മദ് കൈഫാണ് ഈ താരം. രഞ്ജി ട്രോഫിയിൽ ബംഗാളിനായി അണിനിരന്ന കൈഫ് തന്റെ ജന്മനാടായ യു.പിയ്‌ക്കെതിരെയാണ് തകർപ്പൻ പ്രകടനം ബാറ്റ് കൊണ്ടും ബോൾ കൊണ്ടും പുറത്തെടുത്തത്.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ബംഗാളിനായി ആദ്യ ഇന്നിംഗ്‌സിൽ മീഡിയം പേസ് ബൗളറായ കൈഫ് ആറ് ഓവറിൽ കേവലം 14 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്‌ത്തി. ബാറ്റിംഗിൽ ഒൻപതാമനായി ഇറങ്ങിയ അദ്ദേഹം 79 പന്തിൽ നാല് ഫോറും രണ്ട് സിക്‌സുമടക്കം 45 റൺസ് നേടി പുറത്താകാതെ നിന്നു. ടീമിന് 128 റൺസ് ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിക്കൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു. ആദ്യ ഇന്നിംഗ്‌സിൽ കേവലം 60 റൺസിന് ഓൾ ഔട്ടായ യു.പി രണ്ടാം ഇന്നിംഗ്‌സിലും കൈഫിന്റെ ബൗളിംഗിൽ പതറി. കളി അവസാനിക്കുമ്പോൾ നാല് വിക്കറ്റിന് 178 എന്ന നിലയിലാണവർ. ഇതിൽ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയത് കൈഫാണ്.